
പത്തനംതിട്ട: കേരളത്തിലെ ഭരണ മാറ്റത്തെ തുടർന്ന്
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി കേസ് വീണ്ടും ചർച്ച ആവുന്നു.
ദുരൂഹതകള്‍ നീക്കാന്‍ കേസ് സിബിഐയ്ക്ക് വിടുന്നതിനോ അല്ലെങ്കില്‍ കേരള പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുനരന്വേഷണം നടത്തുന്നതിനോ ഉള്ള ആലോചനകള്‍ സജീവമാകുന്നു.
ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും റാന്നിയിലെ നിയുക്ത എംഎല്‍എയുമായ പഴകുളം മധു വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവീന്‍ ബാബുവിന്റെ നീതിക്കായി പത്തനംതിട്ടയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ മധുവിന്റെ നിലപാട് സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ പി.പി. ദിവ്യ, പ്രശാന്തന്‍ എന്ന വ്യക്തി ഉന്നയിച്ച കൈക്കൂലി ആരോപണത്തിന്റെ പേരില്‍ നവീന്‍ ബാബുവിനെ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു.
ഒരു സാധാരണക്കാരനായ പ്രശാന്തന് വേണ്ടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇത്രത്തോളം ‘അഭിഭാഷക’ ചമഞ്ഞതിന് പിന്നിലെ യഥാര്‍ത്ഥ ബന്ധം സിബിഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രധാന ആവശ്യം.
പ്രശാന്തനും ദിവ്യയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നാല്‍ അത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് നീളുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
വിവാദമായ പെട്രോള്‍ പമ്പിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും ദുരൂഹതകള്‍ ഏറുകയാണ്.
സാധാരണക്കാരനായ ഒരാള്‍ക്ക് ഇത്ര വലിയ തുക മുടക്കി പമ്പ് തുടങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടോ എന്ന ചോദ്യം തുടക്കം മുതലേ ഉയര്‍ന്നിരുന്നു.
പമ്പിന്റെ മറവില്‍ ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ആരെങ്കിലും ഇതിന് പിന്നിലുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്.
വിശദ അന്വേഷണത്തിലൂടെ മാത്രമേ പമ്പിന്റെ യഥാര്‍ത്ഥ ‘മാസ്റ്റര്‍ ബ്രെയിന്‍’ ആരെന്ന സത്യം പുറത്തുവരൂ എന്നാണ് പഴകുളം മധു ഉയര്‍ത്തുന്ന വാദം.
കണ്ണൂര്‍ കോട്ടയിലെ ഉന്നത നേതാക്കളുടെ തണലിലാണ് പി.പി. ദിവ്യ പ്രവര്‍ത്തിച്ചതെന്ന ആരോപണം ശക്തമാണ്. മുന്‍പ് നടന്ന ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരാതിരുന്നത് ഈ രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. സിബിഐ അന്വേഷണം വരുന്നതോടെ പമ്പ് വിവാദവും കൈക്കൂലി ഗൂഢാലോചനയും കേരള രാഷ്ട്രീയത്തില്‍ പുതിയ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കും. റാന്നിയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പഴകുളം മധു ഈ കേസ് തന്റെ പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്.
നവീന്‍ ബാബുവിന്റെ കുടുംബം ഉന്നയിക്കുന്ന മൂന്ന് പ്രധാന ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുക എന്നതാകും പുതിയ അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഒന്നാമതായി, യാത്രയയപ്പ് ചടങ്ങില്‍ പ്രശാന്തന് വേണ്ടി സംസാരിക്കാന്‍ പി.പി. ദിവ്യയ്ക്ക് എന്ത് ബന്ധമാണ് ഉള്ളതെന്ന് കണ്ടെത്തണം. രണ്ടാമതായി, പെട്രോള്‍ പമ്പിന്റെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് ശാസ്ത്രീയമായി തെളിയിക്കണം.
മൂന്നാമതായി, കൈക്കൂലി കൊടുക്കാന്‍ വേണ്ടിയുള്ള തുകയുടെ സാമ്പത്തിക സ്രോതസ്സ് എവിടെ നിന്നാണെന്ന് വ്യക്തമാക്കണം.
മുന്‍പത്തെ അന്വേഷണത്തിലെ പിഴവുകള്‍ പുതിയ സര്‍ക്കാര്‍ ഗൗരവമായി കാണും.
കുറ്റക്കാര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന ഉറച്ച നിലപാടിലാണ് നിയുക്ത എംഎല്‍എ പഴകുളം മധു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ കേസ് വലിയൊരു ഭീഷണിയായി തുടരുകയാണ്.
കണ്ണൂര്‍ ജില്ലയിലെ പല പ്രമുഖ നേതാക്കളും ഈ വിവാദവുമായി ബന്ധപ്പെട്ട് നിഴലിലാണ്.







