ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു’; ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ല; വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി. ഗരുഡ പ്രീമിയം സര്‍വീസ് ബസ്സിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ലായിരുന്നു എന്നാണ് കെഎസ്ആർടിസി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്.

ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോര്‍ മാന്വല്‍ മോഡില്‍ ആകുകയും ആയത് റീസെറ്റ് ചെയ്യാതിരുന്നതും ആണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്നത്. ബസ് സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയശേഷം ഡോര്‍ എമര്‍ജന്‍സി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ്സിന് ഇതുവരെ ഡോര്‍ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചര്‍ സേഫ്റ്റിയുടെ ഭാഗമായി അടിയന്തിര ഘട്ടത്തില്‍ മാത്രം ഡോര്‍ ഓപ്പണ്‍ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. ബസ്സിന്റെ തകരാര്‍ എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും കെഎസ്ആർടിസി പറഞ്ഞു.

മുഴുവൻ സീറ്റിൽ ആളുകളുമായി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബസ് ബംഗളൂരുവിലെത്തിയത്. രാവിലെ നാലരയോടെയാണ് കോഴിക്കോടുനിന്നു ബസ് പുറപ്പെട്ടത്. ഇതിനിടെ മുൻപിലെ ലിഫ്റ്റുള്ള ഡോർ തുറന്നു പോയത് അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. ഡോറ് തുറന്ന് ബസിനുള്ളിലേക്കു ശക്തിയായ കാറ്റ് അടിച്ചു കയറാൻ തുടങ്ങിയതോടെ യാത്രക്കാരുടെ സഹകരണത്തോടെയാണു കാരന്തൂർ വച്ച് ഡോർ കെട്ടിവച്ചത്. തുടർന്ന് ബത്തേരി ഡിപ്പോയിൽ എത്തിച്ചു ഡോർ ശരിയാക്കിയതിനു ശേഷമാണ് യാത്ര തുടർന്നത്.