play-sharp-fill
പൊട്ടിപ്പൊളിഞ്ഞ് നഗരസഭയുടെ കെട്ടിടങ്ങൾ: ഏതു നിമിഷവും നിലം പൊത്താറായി നിൽക്കുന്നത് നഗരത്തിലെ നിരവധി കെട്ടിടങ്ങൾ; ദുരന്തം കാത്തിരിക്കുന്ന നഗര കെട്ടിടങ്ങൾ

പൊട്ടിപ്പൊളിഞ്ഞ് നഗരസഭയുടെ കെട്ടിടങ്ങൾ: ഏതു നിമിഷവും നിലം പൊത്താറായി നിൽക്കുന്നത് നഗരത്തിലെ നിരവധി കെട്ടിടങ്ങൾ; ദുരന്തം കാത്തിരിക്കുന്ന നഗര കെട്ടിടങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിൽ കോട്ടയം നഗരത്തിലുള്ള പത്തിലേറെ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. നഗരസഭയുടെ ഉടമസ്ഥതയിൽ കോട്ടയം പഴയ ബോട്ട് ജെട്ടിയിലുള്ള റെസ്റ്റ് ഹൗസ് മുതൽ നൂറുകണക്കിനു ആളുകൾ ദിവസവും എത്തിച്ചേരുന്ന മാംസ മാർക്കറ്റ് വരെയുള്ള കെട്ടിടങ്ങളാണ് ഏതു നിമിഷവും തലയിൽ വീഴാമെന്ന രീതിയിൽ നിൽക്കുന്നത്. കോട്ടയം നഗമധ്യത്തിൽ ചന്തയ്ക്കുള്ളിൽ നിൽക്കുന്ന കെട്ടിടത്തിന്റെ പിൻവശത്ത് ആലുകളും കാടും മുളച്ച് നിൽക്കുകയാണ്. ഈ കെട്ടിടത്തിനു പകരം കോടിമത എം.ജി റോഡരികിൽ നഗരസഭ നിർമ്മിക്കുന്ന ആധുനിക മാംസ മാർക്കറ്റ് പക്ഷേ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഇനിയും യാഥാർത്ഥ്യമായിട്ടില്ല.
നഗരമധ്യത്തിൽ എംഎൽ റോഡിന്റെ രണ്ട് വശത്തായി തന്നെ അപകടകരമായ നിരവധി കെട്ടിടങ്ങളാണ് നഗരസഭയുടെ ഉടമസ്ഥതയിൽ മാത്രമുള്ളത്. എം.ജി റോഡരികിൽ പഴയ പച്ചക്കറി മാർക്കറ്റ് കെട്ടിടത്തിനു സമീപത്ത് നാലു നില കെട്ടിടം വർഷങ്ങളായി അപകടകരമായ രീതിയിലാണ് നിൽക്കുന്നത്. ദ്രവിച്ച് കമ്പികൾ പുറത്ത് വന്ന കെട്ടിടം, ഏതു നിമിഷവും താഴെ വീഴാവുന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ഈ കെട്ടിടത്തിൽ നിന്നും കച്ചവടക്കാർ ഒഴിയണമെന്ന് നഗരസഭ നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. എന്നാൽ, ഇതുവരെയും ഈ കെട്ടിടം ഒഴിയാൻ ഇവരാരും തയ്യാറായിട്ടില്ല.
ഇതിനിടെയാണ് ഇറച്ചിക്കടകളും സ്റ്റാളുകളും പ്രവർത്തിക്കുന്ന നഗരമധ്യത്തിലെ ഈ കെട്ടിടം ഏതു നിമിഷവും താഴെ വീഴാവുന്ന സ്ഥിതിയിലാണ്. പഴയ ബോട്ട് ജെട്ടിയിലെ ഗസ്റ്റ് ഹൗസും സമാന രീതിയിൽ തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. കോടിമതയിലെ പച്ചക്കറി മാർക്കറ്റ് കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടു കീറി അതീവ ദുർബലമാണ്. ഈ കെട്ടിടത്തിന്റെ പല ഭാഗവും വിള്ളലിനെ തുടർന്ന് താഴെ വീഴാവുന്ന സ്ഥിതിയിലാണ്. ഈ കെട്ടിടം നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ വ്യാപാരികൾ നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെയും നടപടികളുണ്ടായിട്ടില്ല.