കേരളത്തിൽ കലാപമുണ്ടാക്കാനോ മാധ്യമങ്ങളുടെ ശ്രമം: ഏറ്റുമാനൂരിൽ ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞെന്ന് വ്യാജ വാർത്ത; ഏറ്റുമാനൂരിൽ എത്തിയ ആന്ധ്രസ്വദേശികൾ സന്നിധാനത്തേയ്ക്ക് പോകാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരം

കേരളത്തിൽ കലാപമുണ്ടാക്കാനോ മാധ്യമങ്ങളുടെ ശ്രമം: ഏറ്റുമാനൂരിൽ ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞെന്ന് വ്യാജ വാർത്ത; ഏറ്റുമാനൂരിൽ എത്തിയ ആന്ധ്രസ്വദേശികൾ സന്നിധാനത്തേയ്ക്ക് പോകാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരം

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സന്ദർശിക്കാനെത്തിയ അയ്യപ്പൻമാരുടെ സംഘത്തെ ഏറ്റുമാനൂരിൽ തടഞ്ഞതായി പ്രചരിച്ചത് വ്യാജ വാർത്ത. ആന്ധ്രയിൽ നിന്നും എത്തിയ മുപ്പതോളം വരുന്ന സംഘത്തോടൊപ്പം നാല് യുവതികളുണ്ടായിരുന്നു. ഇവരെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ തടഞ്ഞതായാണ് വാർത്ത പ്രചരിച്ചത്. എന്നാൽ, ഇത് അടിസ്ഥാന രഹിതമാണെന്നും ഈ യുവതികൾ ആളുകളോട് അന്വേഷിച്ച ശേഷം സ്വയം ഏറ്റുമാനൂരിൽ തന്നെ തങ്ങുകയായിരുന്നുവെന്നാണ് വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു സമീപം ആന്ധ്രയിൽ നിന്നുള്ള അയ്യപ്പൻമാർ അടങ്ങുന്ന സംഘം എത്തിയത്. മുപ്പതംഗ സംഘം ഇവിടെ വാഹനത്തിലാണ് എത്തിയത്. ഈ സംഘം എത്തിയതിനു പിന്നാലെ തന്നെ ഒരു സംഘം പ്രതിഷേധക്കാർ എത്തി, ഇവരെ തടഞ്ഞതായാണ് മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ തിങ്കളാഴ്ച രാവിലെ വാർത്ത നൽകിയത്.
എന്നാൽ, ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് പൊലീസും ആന്ധ്ര സ്വദേശികളുമായി ബന്ധപ്പെട്ടപ്പോൾ മനസിലാകുന്നത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഇവർ സഞ്ചരിച്ച വാഹനം ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിലെത്തിയത്. ക്ഷേത്രത്തിനു മുന്നിൽ വാഹനം എത്തി പാർക്കിംഗ് മൈതാനത്ത് എത്തി. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് പുറത്തെത്തിയ ഇവർ വിശ്വാസികളിൽ ചിലരോട് ശബരിമലയിൽ ദർശനം നടത്താൻ സാധിക്കുമോ എന്ന് തിരക്കുകയായിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആർക്കും ശബരിമലയിൽ പ്രവേശിക്കാമെന്നായിരുന്നു ഇവരുടെ ധാരണ. എന്നാൽ, ഇത് പറ്റില്ലെന്നും സന്നിധാനത്ത് പ്രതിഷേധം നടക്കുകയാണെന്നും ഒരു വിഭാഗം ഭക്തർ അറിയിച്ചു. ഇതിനിടെ ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പരിസരത്ത് ഭക്തർ കൂടുകയും ചെയ്തു. ഇതേ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. അപ്പോഴേയ്ക്കും തങ്ങൾ പോകുന്നില്ലെന്ന നിലപാട് ആന്ധ്രയിൽ നിന്നുള്ള യുവതികൾ സ്വീകരിച്ചിരുന്നു. മറ്റേതൊരു സ്ഥലത്തേയ്ക്ക് പോകുന്നതിനേക്കാളും സുരക്ഷിതം ഏറ്റുമാനൂരിൽ തന്നെ തങ്ങുന്നതാണെന്ന് തിരിച്ചറിഞ്ഞ യുവതികൾ ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
എന്നാൽ, ഏറ്റുമാനൂരിലും മറ്റ് ക്ഷേത്രങ്ങൾക്കു മുന്നിലും ആളുകളെ വൻകൂട്ടായ്മയുണ്ടായിരുന്നെന്നും ഇവർ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന ആളുകളെ തടയുന്ന എന്ന രീതിയിലും പ്രചരിക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതമാക്കും ഉണ്ടാക്കുക. എന്നാൽ, ഇത് തിരിച്ചറിയാതെ ഒരു വിഭാഗം മാധ്യമ പ്രവർത്തകരാണ് ഇപ്പോൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്.