
മോട്ടോര്‍ വാഹനവകുപ്പ് നോക്കുകുത്തി തോട്ടം തൊഴിലാളികളെ കുത്തിനിറച്ച് വാഹനങ്ങളുടെ മത്സരയോട്ടം;ഏഴുപേര്‍ക്ക് യാത്ര ചെയ്യാന്‍ പെര്‍മിറ്റുള്ള വാഹനത്തില്‍ 15 മുതല്‍ 18 പേര്‍
സ്വന്തം ലേഖിക
കുമളി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരെ നോക്കു കുത്തിയാക്കി തോട്ടം തൊഴിലാളികളെ കുത്തിനിറച്ച് വാഹനങ്ങളുടെ മത്സരയോട്ടം.
ഏഴുപേര്‍ക്ക് യാത്ര ചെയ്യാന്‍ പെര്‍മിറ്റുള്ള വാഹനത്തില്‍ 15 മുതല്‍ 18 പേര്‍ വരെയാണ് യാത്ര ചെയ്യുന്നത്.
വാഹനങ്ങളുടെ അമിത വേഗതയെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്ബോഴും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ നടപടിയെടുക്കാതെ മൗനം പാലിക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്നും നൂറിലധികം വാഹനങ്ങളാണ് ദിവസവും കുമളി ചെക്കുപോസ്‌റ്റ് വഴി മാത്രം അതിര്‍ത്തി കടക്കുന്നത്. ഇതിനുപുറമെ ഇത്രത്തോളം വാഹനങ്ങള്‍ ജില്ലയിലെ മറ്റ് അതിര്‍ത്തി പാതകളിലൂടെ തൊഴിലാളികളുമായി എത്തുന്നുമുണ്ട്.
ഈ വാഹനങ്ങള്‍ പരിശോധിക്കുവാനോ നിയമ ലംഘകര്‍ക്കെതിരെ നടപടിയെടുക്കാനോ അധികൃതര്‍ തയാറാകുന്നില്ലായെന്നാണു ആക്ഷേപം. സംസ്‌ഥാനത്തിന്റെ വിവിധ ജില്ലകളിലെ രജിസ്‌ട്രേഷനുള്ളവയാണു വാഹനങ്ങളില്‍ അധികവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി ക്രിത്രിമ രേഖകളുള്ള ചില വാഹനങ്ങള്‍ കണ്ടത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചര മണി മുതല്‍ ഏഴു വരെയാണ് തൊഴിലാളികളെ കയറ്റി തോട്ടങ്ങളിലേക്കുള്ള വാഹനങ്ങളുടെ പരക്കം പാച്ചില്‍. തിരികെ വൈകിട്ട് മൂന്നുമുതല്‍ അഞ്ചു വരെയുള്ള സമയത്താണ് മടക്കം. ഈ സമയയങ്ങളില്‍ ജനങ്ങള്‍ക്കു കാല്‍നട യാത്രപോലും ദുഷ്‌ക്കരമാണ്. ആനവിലാസം, പത്തുമുറി, മൂന്നാം മൈല്‍ തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ തൊഴിലാളികളുമായി പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിരുന്നു.
രണ്ടു ദിവസം മുമ്ബ് മുന്നാം മൈലില്‍ അപകടത്തില്‍പ്പെട്ട ജീപ്പില്‍ 17 പേര്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതില്‍ 12 തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. അതിര്‍ത്തി ചെക്ക്‌പോസ്‌റ്റില്‍ മോട്ടോര്‍ വാഹന വകുപ്പ് അസി. വെഹിക്കിള്‍ ഇന്‍സ്‌പക്‌ടര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. എക്‌സൈസ് ചെക്ക് പോസ്‌റ്റിലെ പരിശോധനയും ഇവിടെത്തന്നെയാണ്.
കഞ്ചാവും മറ്റു ലഹരി വസ്‌തുക്കളും കടത്തുന്നുണ്ടോയെന്നാണ് എക്‌സൈസ് പരിശോധിക്കുന്നത്. വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് നിയമ ലംഘനം കണ്ടെത്തേണ്ടത് മോട്ടോര്‍ വാഹന വകുപ്പാണ്. തൊഴിലാളികളെ കുത്തി നിറച്ചു കൊണ്ടുപോകുന്നതിന് ചെക്ക് പോസ്‌റ്റില്‍ പടിയുണ്ടെന്നാണു പരക്കെ ആക്ഷേപം.