
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പെരിങ്ങമല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടിൽവെച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ ഭർത്താവ് അബ്ദുൾ റഹീമിനെ കാണാനില്ലെന്നാണ് വിവരം. കൊലപാതകത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.
വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോളാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പാലോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, നാസിലയ്ക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകൾ പോലും അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണർത്തുകയായിരുന്നു. മാത്രമല്ല അടുത്ത മുറിയിലുണ്ടായിരുന്ന നാസിലയുടെ മാതാപിതാക്കളും ഒന്നുമറിഞ്ഞിരുന്നില്ല.
ബുധനാഴ്ച രാത്രി റഹിം മകൾക്കും ഭാര്യയ്ക്കും മിഠായി നൽകിയതായി പറയുന്നുണ്ട്. ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നതായും സംശയിക്കുന്നു. നാസില മയങ്ങികിടക്കുമ്പോളാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. നാസിലയുടെ കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലും കുത്തേറ്റ മുറിവുകളുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.
തിരുവനന്തപുരം ചാക്ക ഐ.ടി.ഐ.യിലെ ക്ലാർക്ക് ആണ് അബ്ദുൾ റഹീം. നേരത്തെ അബ്ദുൾ റഹീം ഓഹരിവിപണിയിൽ ധാരാളം പണം നിക്ഷേപിച്ചിരുന്നു. അത് നഷ്ടത്തിലായതിന് ശേഷം ഇയാൾ മദ്യപാനം തുടങ്ങിയിരുന്നു. മദ്യപാനം അമിതമായതോടെ രണ്ട് വർഷമായി ചികിത്സയിലായിരുന്നു.
സംഭവത്തിൽ പാലോട് സി.ഐ.യുടെ നേതൃത്വത്തിൽ അബ്ദുൾ റഹീമിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് ,ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നാസിലയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.