play-sharp-fill
നാലു പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത് രാജ്യത്ത് ആദ്യം..! ഏറ്റവും ഒടുവിൽ തൂക്കിലേറ്റിയത് അഫ്‌സൽ ഗുരുവിനെ; വധശിക്ഷയുടെ രീതി ശാസ്ത്രം അത് ഇങ്ങനെ..!

നാലു പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത് രാജ്യത്ത് ആദ്യം..! ഏറ്റവും ഒടുവിൽ തൂക്കിലേറ്റിയത് അഫ്‌സൽ ഗുരുവിനെ; വധശിക്ഷയുടെ രീതി ശാസ്ത്രം അത് ഇങ്ങനെ..!

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായാണ് നാലു പ്രതികളെ ഒന്നിച്ച് തൂക്കിലെറ്റുന്നത്. ഇതിനു മുൻപ് വധശിക്ഷ നടപ്പാക്കിയത് പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽഗുരുവിന്റെയായിരുന്നു. ഡൽഹി തീഹാർജയിലിൽ വധശിക്ഷ നടപ്പാക്കിയത് ഇങ്ങനെയായിരുന്നു. വധശിക്ഷയുടെ ചട്ടങ്ങളും രീതികളും ഇങ്ങനെ..!


നിർഭയ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റുന്നതുവഴി രാജ്യത്ത് ഒരിക്കൽക്കൂടി വധശിക്ഷ നടപ്പാക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് നാലു കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. കുറ്റവാളി ഒരാളായാലും ഒന്നിലേറെയാണെങ്കിലും ജയിലിൽ ഏറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിക്ഷാസ്ഥലത്ത് ഇവർ
ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്/ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ, റെസിഡന്റ് മെഡിക്കൽ ഓഫീസർ, ഹെഡ് വാർഡർ (ഹെഡ് കോൺസ്റ്റബിൾ), ചുരുങ്ങിയത് പത്ത് വാർഡർമാർ (കോൺസ്റ്റബിൾ), ആരാച്ചാർ.

ബന്ധുക്കളോ തടവുകാരോ വധശിക്ഷ കാണില്ല
തൂക്കിലേറ്റപ്പെടുന്നവരുടെ ബന്ധുക്കളെയോ മറ്റു തടവുകാരെയോ വധശിക്ഷ നടപ്പാക്കുന്നത് കാണാൻ അനുവദിക്കില്ല. അതേസമയം, സർക്കാരിന്റെ മുൻകൂർ അനുമതിയോടെ സാമൂഹികശാസ്ത്രജ്ഞർ, മനശ്ശാസ്ത്രജ്ഞർ, മനോരോഗവിദഗ്ധർ തുടങ്ങി ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നവർക്ക് അനുമതി നൽകാം. സൂപ്രണ്ടിന്റെ വിവേചനാധികാരമാണത്. വധശിക്ഷ കഴിഞ്ഞ് മൃതദേഹങ്ങൾ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുംവരെ മറ്റു തടവുകാരെയെല്ലാം ഈ സമയത്ത് ലോക്കപ്പിൽ പൂട്ടിയിടും.

അവസാനനിമിഷവും ഉത്തരവ് നോക്കണം
പുലർച്ചെ, സൂര്യോദയത്തിന് മുമ്പാണ് വധശിക്ഷ നടപ്പാക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് പത്ത് കോൺസ്റ്റബിൾമാർ അല്ലെങ്കിൽ വാർഡർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് വാർഡർ എന്നിവർ അവിടെയുണ്ടാകും. ശിക്ഷ നടപ്പാക്കുന്ന ദിവസം പ്രതികളുടെ സെല്ലിലേക്ക് പോകുംമുമ്പ്, ജയിൽ സൂപ്രണ്ട് തന്റെ ഓഫീസിലെത്തി വധശിക്ഷ സംബന്ധിച്ച എന്തെങ്കിലും പുതിയ ഉത്തരവോ നിർദേശമോ അധികൃതരിൽനിന്ന് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.

കുറ്റവാളി തൂക്കുമരത്തട്ടിലേക്ക്
ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവർ കുറ്റവാളിയുടെ സെല്ലിലേക്ക് രാവിലെ ചെല്ലണം. കുറ്റവാളിയുടെ വിൽപത്രമോ മറ്റെന്തെങ്കിലും ഒപ്പിട്ടുവാങ്ങാനുണ്ടെങ്കിൽ അത് ചെയ്യും. തുടർന്ന് അവർ തൂക്കുമരത്തട്ടിലേക്ക് നീങ്ങും. അപ്പോഴും തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിരീക്ഷണത്തിൽ സെല്ലിൽത്തന്നെ തുടരും. അതിനുശേഷം കുറ്റവാളിയുടെ കൈകൾ പിന്നിലേക്ക് ബന്ധിക്കും. കാലിൽ വിലങ്ങിട്ടിട്ടുണ്ടെങ്കിൽ അതഴിച്ചുമാറ്റും. തുടർന്ന് തൂക്കുമരത്തിനടുത്തേക്ക്. ഡെപ്യൂട്ടി സൂപ്രണ്ട്, ഹെഡ് വാർഡർ, വാർഡർമാർ എന്നിവർ ഒപ്പമുണ്ടാകും. അതിൽ രണ്ടുപേർ കുറ്റവാളിയുടെ മുന്നിലും രണ്ടുപേർ പിന്നിലുമായി നടക്കും. രണ്ടുപേർ കുറ്റവാളിയുടെ കൈകൾ പിടിച്ചാകും നടക്കുക.

വാറന്റ് വായിക്കൽ
കുറ്റവാളി തൂക്കുമരത്തിനടുത്തെത്തുന്നതിന് മുമ്പേ, മജിസ്ട്രേറ്റ്, സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ എന്നിവർ അവിടെയെത്തിയിട്ടുണ്ടാകും. തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളി ഇതുതന്നെയാണെന്ന് താൻ തിരിച്ചറിഞ്ഞതായി മജിസ്ട്രേറ്റിനെ സൂപ്രണ്ട് ബോധ്യപ്പെടുത്തും. തുടർന്ന് തൂക്കിലേറ്റാൻ പറയുന്ന കോടതിയുടെ വാറന്റ് കുറ്റവാളിക്ക് മനസ്സിലാകുന്ന ഭാഷയിൽ വായിച്ചുകേൾപ്പിക്കും.

പുതിയ തൂക്കുകയർ നിർബന്ധമില്ല
ഓരോ തവണയും വധശിക്ഷ നടപ്പാക്കാൻ പുതിയ തൂക്കുകയർ നിർബന്ധമില്ല. എന്നാൽ, അതിന്റെ നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം. തൂക്കുകയറിൽ മെഴുകോ വെണ്ണയോ പുരട്ടിയാണ് സൂക്ഷിക്കുക. പരിശോധനകൾക്കുശേഷം തൂക്കുകയർ സുരക്ഷിതമായി പൂട്ടി ഉരുക്കുപെട്ടിയിലാക്കി മുദ്രവെച്ച് സൂക്ഷിക്കണം. ഓരോ കുറ്റവാളിയെയും തൂക്കുന്ന കയറിന് പുറമേ രണ്ട് കയറുകൾകൂടി വേറെ തയ്യാറാക്കി വെക്കണം.
തൂക്കിലേറ്റേണ്ട കുറ്റവാളിയുടെ ഒന്നര ഇരട്ടി ഭാരമുള്ള ഡമ്മി തൂക്കി നേരത്തേ പരിശോധന നടത്തണം. കുറ്റവാളിയുടെ തൂക്കത്തിനനുസരിച്ച് 1.83 മീറ്ററിനും 2.44 മീറ്ററിനുമിടയിലുള്ള ആഴത്തിൽ താഴേക്ക് വീഴ്ത്തിയാണ് വധശിക്ഷ നടപ്പാക്കുക. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ കൃത്യമായ ഇടവേളകളിൽ തൂക്കുമരം പരിശോധിക്കണം. തൂക്കിലേറ്റുന്നതിന്റെ തലേന്ന് വൈകീട്ടും പരിശോധന നടത്തും.

തൂക്കുമരത്തിനടുത്തേക്ക് എത്തുന്നതിന് മുമ്പേ കുറ്റവാളിയെ മുഖംമൂടുന്ന തൊപ്പി ധരിപ്പിക്കും. തൂക്കുമരം കാണാൻ കുറ്റവാളിയെ അനുവദിക്കില്ല.

തൂക്കുമരത്തിന്റെ തൊട്ടുതാഴേക്ക് കുറ്റവാളിയെ നടത്തിക്കൊണ്ടുപോയി നിർത്തും. അപ്പോഴും അയാളുടെ കൈകൾ രണ്ട് ഗാർഡർമാർ പിടിച്ചിട്ടുണ്ടാകും.

കുറ്റവാളിയുടെ കൈകൾ പിടിച്ചിരിക്കുന്ന വാർഡർമാർ പിൻവാങ്ങും.

അതിനുശേഷം കുറ്റവാളിയെ ആരാച്ചാർ ഏറ്റെടുക്കും. കുറ്റവാളിയുടെ ഇരുകാലുകളും ആരാച്ചാർ തമ്മിൽ ബന്ധിക്കും.

തൂക്കുകയർ കഴുത്തിൽ മുറുക്കും. ശരിയായ രീതിയിലാണ് തൂക്കുകയർ കഴുത്തിലിട്ടിരിക്കുന്നതെന്ന് സൂപ്രണ്ട് ഉറപ്പുവരുത്തും.

സൂപ്രണ്ടിന്റെ സൂചന വരുന്നതോടെ ആരാച്ചാർ ലിവർ വലിക്കും. അപ്പോൾ, ട്രാപ് ഡോർ തുറന്ന് കുറ്റവാളി താഴേക്ക് തൂങ്ങും.

റസിഡന്റ് മെഡിക്കൽ ഓഫീസർ മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹം കയറിൽ നിന്നഴിച്ചുമാറ്റും.

പിന്നീട്, മരണവാറന്റയച്ച കോടതിയെ ശിക്ഷ നടപ്പാക്കിയതായി ജയിൽ അധികൃതർ വിവരമറിയിക്കും.

മൃതദേഹം വിട്ടുനൽകൽ
ബന്ധുക്കൾ ആവശ്യപ്പെട്ടാൽ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാം. എന്നാൽ, കുറ്റവാളിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കുകയോ മറ്റോ ചെയ്യില്ലെന്ന് ബന്ധുക്കൾ എഴുതിനൽകണം. ജില്ലാ മജിസ്ട്രേറ്റുമായും പോലീസ് അധികൃതരുമായും ഇക്കാര്യത്തിൽ ജയിൽ സൂപ്രണ്ട് ആലോചിക്കണം. മൃതദേഹം സംസ്കാര സ്ഥലത്തെത്തിക്കുന്നതിന്റെയും സംസ്കരിക്കുന്നതിന്റെയും ചെലവ് ജയിൽ അധികൃതർ വഹിക്കും..