play-sharp-fill
വൈത്തിരിയിലെ യുവതിയുടെ മരണം: സി പി എം ജില്ലാ സെക്രട്ടറിയ്ക്ക് പൊലീസിന്റെ ക്ലീൻ ചീട്ട്: ഭർത്താവിന്റെ ആരോപണങ്ങൾ ചവറ്റു കുട്ടയിൽ

വൈത്തിരിയിലെ യുവതിയുടെ മരണം: സി പി എം ജില്ലാ സെക്രട്ടറിയ്ക്ക് പൊലീസിന്റെ ക്ലീൻ ചീട്ട്: ഭർത്താവിന്റെ ആരോപണങ്ങൾ ചവറ്റു കുട്ടയിൽ

ക്രൈം ഡെസ്ക് 

വയനാട്: വൈത്തിരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി പി എം ജില്ലാ സെക്രട്ടറിയ്ക്കെതിരെ ഭർത്താവ് ഉയർത്തിയ പരാതി ചവറ്റുകുട്ടയിൽ തള്ളി പൊലീസ്. ഭർത്താവിന്റെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സി പി എം ജില്ലാ സെക്രട്ടറിയ്ക്ക് ക്ലീൻ ചീറ്റ് നൽകുകയായിരുന്നു.

സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ തെളിവില്ലെന്ന് പറഞ്ഞാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.  യുവതി ആത്മഹത്യ ചെയ്തതാണെന്ന് കേസന്വേഷണത്തില്‍ വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, പരാതിയുമായി കോടതിയെ സമീപിക്കാനാണ് യുവതിയുടെ ഭര്‍ത്താവിന്റെ തീരുമാനം. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈത്തിരി സ്വദേശിനിയായ സക്കീനയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഭര്‍ത്താവ് ജോണ്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി. തുടര്‍ന്ന് അസ്വാഭാവിക മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വൈത്തിരി പൊലീസ് ഗഗാറിന്റെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഒക്ടോബര്‍ 21 ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം 60 ദിവസം പിന്നിടുമ്പോള്‍ അവസാനിപ്പിക്കുകയാണ്. മരണം ആത്മഹത്യ തന്നെയാണ്. സക്കീന മുന്‍പും രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്, കേസില്‍ ആരെയും പ്രതി ചേര്‍ക്കാന്‍ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വൈത്തിരി സിഐ വ്യക്തമാക്കി. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ചുണ്ടിലും കഴുത്തിലും മുറിവേറ്റതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് വിശദീകരണം.

പൊലീസില്‍നിന്നും നീതികിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ ഭര്‍ത്താവായ ജോണ്‍ വ്യക്തമാക്കി. പി ഗഗാറിനെതിരായി പരാതി നല്‍കിയ സാഹചര്യത്തില്‍ തനിക്ക് ജോലിക്കായി പോലും പുറത്തിറങ്ങാനാകാത്ത സാഹചര്യമാണുള്ളതെന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും ജീവന് ഭീഷണിയുണ്ടെന്നും ജോണ്‍ പറഞ്ഞു.

സംഭവത്തില്‍ ഗഗാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഗഗാറിന്‍ മൊഴി നല്‍കിയത്. തനിക്കും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സക്കീനയുടെ സുഹൃത്ത് തുളസി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഗഗാറിന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി സക്കീന തുളസിയോട് വെളിപ്പെടുത്തിയിരുന്നുവെന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. യുവതിയുടെ ദുരൂഹമരണത്തില്‍ ആരോപണ വിധേയനായ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയെ പിന്തുണച്ച്‌ എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു.

ഒക്ടോബര്‍ 21നാണ് വൈത്തിരി സ്വദേശിനി സക്കീന വാടകവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ ദുരുഹതയുണ്ടന്നും സി പി എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ പ്രദേശവാസികളായ മറ്റു നാലുപേരുടെ പങ്ക് അന്വേഷിക്കണമെന്നും യുവതിയുടെ ഭര്‍ത്താവ് ജോണ്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും നിലവില്ല. ഭാര്യയെ ജില്ലാ സെക്രട്ടറി നിരന്തരം ഫോണ്‍ വിളിച്ച്‌ ശല്യം ചെയ്യുന്നത് പതിവായിരുന്നു. മരണം സംഭവിച്ച സ്ഥലം പരിശോധിച്ചാല്‍ ഇതുകൊലപാതകമണെന്ന് സംശയം തോന്നുമെന്നും പരാതിയില്‍ പറയുന്നുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറി തന്റെ ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പലയിടത്തും കൊണ്ട് പോയതായും നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിച്ചിരുന്നു. ഇവര്‍ ഒരുമിച്ച്‌ തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍പോയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഗഗാറിന്‍ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നു. യുവതി ആദ്യം ഉപയോഗിച്ച ഫോണിലെ സിം കാര്‍ഡ് ഗഗാറിന്‍ ഊരിവാങ്ങിയെന്നും പരാതിയിലുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി ഗഗാറിന്റെ 10 മാസം മുമ്പ് മുതലുള്ള ഫോണ്‍ രേഖകളടക്കം പരിശോധിച്ച അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ ഭര്‍ത്താവ് ജോണ്‍ നല്‍കിയ പരാതിയില്‍ പറയുംപ്രകാരമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ യുവതിയുമായി ഗഗാറിന്‍ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോഴുള്ളത്. വൈത്തിരി പഞ്ചായത്ത് അംഗവും ഗഗാറിന്റെ മകനടക്കമുള്ള സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്ന ജോണിന്റെ പരാതിയും പൊലീസിന് മുന്നിലുണ്ട്.