ലോകത്തിലെ മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് : ജസ്റ്റ് റൂം ഇനഫ് , ദ്വീപായി പ്രഖ്യാപിക്കാൻ ചെടികൾ വച്ചുപിടിപ്പിച്ചു

 

സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് എന്ന പേര് സ്വന്തമാക്കി ജസ്റ്റ് റൂം ഇനഫ്. ഒരു ചെറു കുടുംബത്തിനു താമസിക്കാൻ പറ്റിയ വീട്, ഒരിത്തിരി മുറ്റം, ഒരു മരം, കുറച്ചു കുറ്റിച്ചെടികൾ -അത്രമാത്രം! ലോകത്തിലെ മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയ ജസ്റ്റ് റൂം ഇനഫ് ദ്വീപിലുള്ളത് ഇത്രയുമൊക്കെയാണ്. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് എടുത്തു ചോദിച്ചാൽ, ചുറ്റമുള്ള നദിയുടെ ചാരുത കൊതിതീരെ കണ്ടിരിക്കാൻ പറ്റിയ രണ്ടോ മൂന്നോ ചാരുകസേരകൾ കൂടിയുണ്ട്. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലുള്ള സെൻറ് ലോറൻസ് നദിയിലാണ് 3,300 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള ഈ ഇത്തിരിക്കുഞ്ഞൻ ദ്വീപിൻറെ സ്ഥാനം.

 

ഹബ് ദ്വീപ് എന്നായിരുന്നു ആദ്യത്തെ പേര്. 1950ൽ അമേരിക്കയിലെ സീസ് ലാൻഡ് കുടുംബക്കാർ സ്വന്തമാക്കിയതോടെ പേര് ജസ്റ്റ് റൂം ഇനഫ് എന്നാക്കി മാറ്റി. ദ്വീപ് എന്ന ഖ്യാതിപോലുമില്ലാതിരുന്നപ്പോഴാണ് സീസ് ലാൻഡ് കുടുംബാംഗങ്ങൾ ഹബ് ദ്വീപ് വാങ്ങുന്നത്. ദ്വീപായി പ്രഖ്യാപിക്കണമെങ്കിൽ ഒരു മരമെങ്കിലും അവിടുണ്ടായിരിക്കണമെന്ന വ്യവസ്ഥയായിരുന്നു ഹബിനു പ്രതിബന്ധമായിരുന്നത്.

എന്നാൽ, സീസ് ലാൻഡ് കുടുംബം ഹബിൽ ചെടികൾ വച്ചുപിടിപ്പിച്ചു. അവ വളർന്നു മരമായതോടെ ദ്വീപ് എന്ന പദവിയും വൈകാതെ ഏറ്റവും ചെറിയ ദ്വീപ് എന്ന റിക്കാർഡും ഹബിനെ തേടിയെത്തി. അതുവരെ സില്ലിയിലുള്ള ബിഷപ് റോക്കിനായിരുന്നു ഏറ്റവും ചെറിയ ദ്വീപ് എന്ന ഖ്യാതി.