
ജനിച്ചത് പെൺകുഞ്ഞ്: പിഞ്ചു കുഞ്ഞിനെ കാലിൽ തൂക്കി നിലത്തടിച്ചു: പാസ്റ്ററായ അച്ഛൻ പൊലീസ് പിടിയിൽ
ക്രൈം ഡെസ്ക്
കൊച്ചി: പെൺകുഞ്ഞ് ജനിച്ചതിൻ്റെ ദേഷ്യത്തിൽ 54 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശിയായ പാസ്റ്റർ ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്കുഞ്ഞായതിനാലും കുട്ടി തന്റേതല്ലെന്ന സംശയത്താലുമാണ് ഇയാള്‍ ഈ ക്രൂരകൃത്യത്തിനു മുതിര്‍ന്നതെന്നു പോലീസ് പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ കിടപ്പുമുറിയില്‍ വച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ കൈയില്‍നിന്നു ബലമായി പിടിച്ചുവാങ്ങി കൈകൊണ്ടു രണ്ടുതവണ കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കുഞ്ഞ് കരയുമ്പോഴൊക്കെ അടിക്കുന്നത് ഇയാളുടെ പതിവായിരുന്നു. വ്യാഴാഴ്ച രാത്രി അടിയേറ്റ കുഞ്ഞു ബോധരഹിതയായി വീണു. നേപ്പാളി സ്വദേശിനിയായ ഭാര്യയേയും മര്‍ദ്ദിച്ച് അവശയാക്കി. കുഞ്ഞിനെ ആദ്യം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കേറ്റ പരുക്കു ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍, സംശയം തോന്നിയ ഡോക്റ്റര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വീണു പരിക്കേറ്റ പാടുകളല്ല കുഞ്ഞിന്റേതെന്ന ഡോക്റ്ററുടെ മൊഴിയെ തുടര്‍ന്നു ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് അടിയേറ്റതാണെന്നു പൊലീസ് കണ്ടെത്തിയത്. പെണ്‍കുഞ്ഞു ജനിച്ചതിലുള്ള അതൃപ്തിയും ഉപദ്രവത്തിനു കാരണമായി പൊലീസ് സംശയിക്കുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്റ്റും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വധശ്രമവും ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.അങ്കമാലി ജോസ്പുരത്ത് വാടക വീട്ടിലാണ് ദമ്പതികള്‍ താമസിക്കുന്നത്.