കാമുകിയെ വീഡിയോകോൾ വിളിച്ച് കൈമുറിച്ചത് കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥി: അങ്കമാലിയിൽ മരണത്തോട് മല്ലടിച്ച യുവാവിനെ രക്ഷിച്ചത് കോട്ടയം വെസ്റ്റ് പൊലീസ്; സി.ഐ എം.ജെ അരുണിന്റെ വിളിയിൽ ഒന്നിച്ച് കൈ കോർത്ത് അങ്കമാലി – കോട്ടയം പൊലീസ്

കാമുകിയെ വീഡിയോകോൾ വിളിച്ച് കൈമുറിച്ചത് കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥി: അങ്കമാലിയിൽ മരണത്തോട് മല്ലടിച്ച യുവാവിനെ രക്ഷിച്ചത് കോട്ടയം വെസ്റ്റ് പൊലീസ്; സി.ഐ എം.ജെ അരുണിന്റെ വിളിയിൽ ഒന്നിച്ച് കൈ കോർത്ത് അങ്കമാലി – കോട്ടയം പൊലീസ്

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: ബുധനാഴ്ച വൈകിട്ട് എത്തിയ ഫോൺ കോളിനു പിന്നാലെ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ സ്ഞ്ചരിച്ചത് കിലോമീറ്ററുകളാണ്. രണ്ടു മണിക്കൂറോളം രക്തം വാർന്ന് അബോധാവസ്ഥയിൽ കിടന്ന യുവാവിനെ, അതിവേഗം കണ്ടെത്തി ജീവിതത്തിലേയ്ക്ക് മടക്കിയെത്തിച്ചത് പൊലീസിന്റെ കൃത്യ സമയത്തെ ഇടപെടലായിരുന്നു. കാമുകിയുമായുള്ള പരിഭവത്തിന്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുകയാണ്.
ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സിഎംഎസ് കോളേജ് വിദ്യാർത്ഥിയായിരുന്നു യുവാവ്. കോളേജിൽ രാവിലെ എത്തിയ യുവാവ് കാമുകിയുമായി പിണങ്ങി നാടുവിടുകയായിരുന്നു. കോളേജിൽ നിന്നും നേരെ റെയിൽവേ സ്‌റ്റേഷനിലെത്തിയ യുവാവ് ട്രെയിനിൽ കയറി അങ്കമാലി ഭാഗത്തേയ്ക്ക് തിരിച്ചു. അങ്കമാലിയിൽ എത്തിയ ശേഷം നേരെ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ യുവാവ് കറുകുറ്റി ഭാഗത്തേയ്ക്ക് നടന്നു. കറുകുറ്റിയിലെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ കയറിയ യുവാവ് ഇവിടെ കിടന്ന് കൈ ഞരമ്പുകൾ മുറിച്ചു. കാമുകിയെ വാട്‌സ്അപ്പ് വീഡിയോ കോളിൽ വിളിച്ച ശേഷം താൻ ആത്മഹത്യ ചെയ്യാൻ പോകുന്ന രംഗങ്ങൾ ഇവരെ തത്സമയം കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതോടെ ഭയന്ന പെൺകുട്ടി വിവരം സുഹൃത്തുക്കളോടു പറഞ്ഞു. ഇവരാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിനെ വിവരം അറിയിച്ചത്.
രേഖാമൂലം ഒരു പരാതി പോലുമില്ലാതിരുന്ന കേസിൽ പൊലീസിന്റെ ഇടപെടൽ അതിവേഗമായിരുന്നു. യുവാവിന്റെ മൊബൈൽ നമ്പർ സൈബർ സെല്ലിൽ നൽകി ഇയാൾ എവിടെയാണെന്ന സ്ഥലം കൃത്യമായി കണ്ടെത്തി. തുടർന്ന് അങ്കമാലി പൊലീസിനെ വിവരം അറിയിച്ചു. അങ്കമാലി പൊലീസ് സംഘം യുവാവിനെ തിരക്കിയെത്തിയത് കറുകുറ്റിയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ. ഒടുവിൽ ഈ കുറ്റിക്കാട്ടിൽ നിന്നും റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകൾ ചുമന്നാണ് ഇയാളെ പുറത്തെത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിലും, ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് എം.ജെ അരുണും സംഘവും.
രണ്ടു മണിക്കൂറോളം രക്തം വാർന്നു കിടന്നതിനാൽ യുവാവ് അബോധാവസ്ഥയിലായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഇയാൾ അപകട നില തരണം ചെയ്തത്്. ഇയാളെ കണ്ടെത്താൻ ഒരു മണിക്കൂറെങ്കിലും വൈകിയിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടമായേനെ. നടപ്പാത പോലുമില്ലാത്ത ഈ വഴിയിൽ കിടന്നു മരണം സംഭവിച്ചിരുന്നെങ്കിൽ കണ്ടെത്താൻ പോലും സാധിക്കില്ലായിരുന്നെന്നും പൊലീസ് പറയുന്നു.
ആശുപത്രിയിൽ കഴിയുന്ന യുവാവിനെ കാണാൻ ബന്ധുക്കളും, സുഹൃത്തുക്കളും കോളേജ് അധികൃതരും എത്തിയിട്ടുമുണ്ട്.