
സ്വന്തം ലേഖകൻ
കോട്ടയം: വഴിയരികിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയെ ടിപ്പർ ലോറിയ്ക്കടിയിലേയ്ക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഏറ്റുമാനൂർ സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ അശോകനാണ് ഏറ്റുമാനൂരിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പേമലപ്പറമ്പിൽ വീട്ടിൽ ചെല്ലപ്പൻ മകൻ പൊന്നപ്പനെ (51) ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഏറ്റുമാനൂർ പാലാ റോഡിലായിരുന്നു സംഭവം. പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെ പൊന്നപ്പൻ, അശോകനെ റോഡിലേയ്ക്കു തള്ളിയിടുകയായിരുന്നു. ഏറ്റുമാനൂർ നഗരത്തിൽ കൂലിപ്പണികൾ അടക്കം വിവിധ ജോലികൾ ചെയ്ത് നടക്കുന്നവരാണ് പൊന്നപ്പനും, അശോകനും. ഇരുവരും തമ്മിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ഇത് അടിപിടിയിൽ കലാശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിപിടിയ്ക്കിടെ പൊന്നപ്പൻ, അശോകനെ അടിച്ചു വീഴ്ത്തി. തുടർന്ന് റോഡിലൂടെ പാഞ്ഞു വന്ന ടിപ്പർ ലോറിയ്ക്കു മുന്നിലേയ്ക്കു തള്ളിയിടുകയായിരുന്നു. അതിവേഗം പാഞ്ഞെത്തിയ ടിപ്പർ ലോറി അശോകന്റെ തലയിലൂടെ കയറിയിറങ്ങി. അശോകൻ തലക്ഷണം മരിച്ചു.
ഓടിയെത്തിയ നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പൊലീസ് സംഘം അശോകന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. രക്ഷപെടാൻ ശ്രമിച്ച പൊന്നപ്പനെ ഏറ്റുമാനൂർ ടൗണിൽ നിന്നു തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നു പൊന്നമ്മനെതിരെ കുറ്റകരമല്ലാത്ത നരഹത്യയ്ക്ക് ഇന്ത്യൻ ശിക്ഷാനിയമം 304 വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടി അല്ലെങ്കിലും, ഒരാൾക്ക് അപകടമുണ്ടാകുമെന്നറിഞ്ഞു കൊണ്ടു തന്നെ കുറ്റകൃത്യം ചെയ്തതിനാണ് ഈ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
മരിച്ച അശോകന്റെ ബന്ധുക്കളെ ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം സ്വദേശിയാണെന്നാണ് വിവരമെങ്കിലും, ബന്ധുക്കളോ കുടുംബത്തെയോപ്പറ്റി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും.