
മുനമ്പം വിഷയം; സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാം, സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല വിധി.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലവധിക്ക് ശേഷം ജൂണില്‍ പരിഗണിക്കും. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെങ്കിലും ശുപാര്‍ശകള്‍ സര്‍ക്കാരിന് ഇപ്പോള്‍ നടപ്പാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നപരിഹാരത്തിന് നടപടികള്‍ നിര്‍ദേശിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. മുനമ്പത്തെ പ്രശ്‌നപരിഹാരങ്ങള്‍ക്കു പോംവഴികള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
