Spread the love

മലപ്പുറം: മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച്‌ മുസ്‌ലിം ലീഗ്.
നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട്ടാണ് യോഗം. നേതൃയോഗത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയുമായി നിലവില്‍ നിലനില്‍ക്കുന്ന സാഹചര്യം ലീഗ് ചര്‍ച്ച ചെയ്‌തേക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെയാണ് ലീഗിന്റെ നേതൃയോഗമെന്നത് ശ്രദ്ധേയമാണ്.

video
play-sharp-fill

102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതിനൊപ്പം മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ലീഗിന്റെ അഭിപ്രായം തേടാത്തതിലും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്.
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തത് മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങുന്ന സാഹര്യമുണ്ടാവുന്നു. മന്ത്രിയില്ലാതെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം പോലും നടത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇക്കാര്യമെല്ലാം ലീഗ് യോഗത്തില്‍ ചര്‍ച്ചയാകും.

മുഖ്യമന്ത്രി ആരാണെന്നതില്‍ ലീഗില്‍ അഭിപ്രായം തേടിയില്ലെങ്കിലും തീരുമാനമെടുത്താല്‍ മാധ്യമങ്ങളെ അറിയിക്കുന്നതിന് മുമ്പ് ലീഗ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കുമെന്നാണ് പാര്‍ട്ടിക്ക് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടകകക്ഷികള്‍ക്ക് പങ്കില്ലെന്ന കോണ്‍ഗ്രസിന്റെ നിലപാട് ഉള്‍പ്പടെ നാളത്തെ ലീഗ് യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി വേണുഗോപാലിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്. വര്‍ക്കിങ് പ്രസിഡന്റുമാരും കെപിസിസി മുന്‍ അധ്യക്ഷന്‍മാരും ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണ കെസി വേണുഗോപാലിന് നല്‍കിയെന്നാണ് സൂചന. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചെടുത്തതാണെന്നും പ്രതിഷേധങ്ങള്‍ സ്വിച്ച്‌ ഇട്ടപോലെ നിന്നത് അതിന്റെ തെളിവാണെന്നും മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചക്കായി വര്‍ക്കിങ് പ്രസിഡന്റുമാര്‍,കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വി.എം സുധീരന്‍ , കെ.മുരളീധരന്‍, എം.എം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ എന്നിവരെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫിപറമ്പില്‍, പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ താമസിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് ഒരുപാട് ദിവസം കഴിഞ്ഞാണ്. വേവോളം കാത്താല്‍ ആറോളം കാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് തടസമില്ല. എംഎല്‍എ ആയ തന്നെ ആരും തടസപ്പെടുത്തിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിസഭ രൂപീകരണ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. പ്രഖ്യാപനം വൈകുന്നത് പാര്‍ട്ടിക്ക് മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വെളുത്ത പുക ഉടന്‍ ഉയരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.