
ആരുമില്ലാതിരുന്ന സമയത്ത് സുഹൃത്തിന്റെ വീട്ടില്‍ കയറി മോഷണം; വീട്ടുകാര്‍ എത്തിയപ്പോള്‍ കുളിമുറിയിലൊളിച്ച കള്ളനെ വീട്ടമ്മ കയ്യോടെ പോക്കി
സ്വന്തം ലേഖിക
മുക്കം: സുഹൃത്തിന്റെ വീട്ടില്‍ കയറി മോഷണം നടത്തിയ കള്ളനെ വീട്ടമ്മ കുളിമുറിയില്‍ പൂട്ടിയിട്ടു. പട്ടാപ്പകല്‍ വീട്ടില്‍നിന്ന് സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടുന്നതിനിടെയാണ് കള്ളൻ പിടിയിലായത്. മുക്കം മണാശ്ശേരിയിലാണ് സംഭവം.
വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം. ടെറസില്‍നിന്ന് വീണതിനെത്തുടര്‍ന്ന് കുളിമുറിയില്‍ ഒളിച്ച കള്ളനെ വീട്ടമ്മ പൂട്ടിയിടുക ആയിരുന്നു.
വീട്ടമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുളിമുറി തുറന്നപ്പോള്‍ കള്ളനെ കണ്ട വീട്ടുകാരും ഞെട്ടി. വീട്ടുടമയുടെ സുഹൃത്തായ യുവാവായിരുന്നു കള്ളൻ. ഒടുവില്‍ കള്ളന്റെവക മാപ്പപേക്ഷയും നടന്നു. ഇതോടെ പരാതിയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണാശ്ശേരി മേച്ചേരിപറമ്പിlല്‍ എബിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ എബിന്റെ അമ്മയും ഭാര്യയും പുറത്തേക്കുപോയ സമയമാണ് കള്ളൻ സ്വര്‍ണമാല കവര്‍ന്നത്. മോഷണത്തിനു ശേഷം വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്കിറങ്ങാൻ നോക്കുമ്പോഴാണ് എബിന്റെ അമ്മ തിരിച്ചുവരുന്നതുകണ്ടത്.
തിരിച്ച് വീട്ടിനുള്ളിലേക്ക് ഓടിയ കള്ളൻ കോണിവഴി ടെറസില്‍ക്കയറി താഴേക്കുചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍, വീഴ്ചയില്‍ താടിയെല്ലിന് പരിക്കേറ്റതോടെ വീടിന് പിന്നിലെ കുളിമുറിയില്‍ രക്ഷതേടി. പിന്നാലെയെത്തിയ വീട്ടമ്മ കുളിമുറിയുടെ വാതിലടച്ച് നാട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. മോഷ്ടാവിനെ പിന്നീട് മുക്കം പൊലീസിന് കൈമാറുകയായിരുന്നു. കള്ളൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വലിച്ചെറിഞ്ഞ സ്വര്‍ണമാല നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കണ്ടുകിട്ടി.