ലോക ക്രിക്കറ്റിന്റെ ഹെലികോപ്റ്റർ ഷോട്ട് മേക്കറിന് 39 വയസ്: ഇന്ന് എംഎസ് ധോണിയുടെ 39-ാം ജന്മദിനം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയ്ക്ക് ഇന്ന് 39 വയസ്സ് തികയുന്നു. 1981 ജൂലയ് ഏഴാം തീയതി ജനിച്ച ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ നായകനാണ്.
350 ഏകദിനങ്ങളിലായി 10,773 റണ്ണുകൾ. 90 ടെസ്റ്റ് കളികളില്‍ നിന്ന് 4,876 റണ്ണുകൾ. 98 ട്ട ടി20 മത്സരങ്ങളിൽ നിന്നായി 1617 റണ്ണുകൾ. അതിനേക്കാളൊക്കെയുപരിയായി ക്യാപ്റ്റൻ കൂൾ ആയി ലോകകപ്പിലേക്ക് ഇന്ത്യയെ നയിച്ച നേതൃ പാടവം. സമാനതകളില്ലാത്ത നേതൃപാടവത്തിലും മുൻ വിധിയെഴുത്തിലും ധോണിയെ വെല്ലാൻ ലോക ക്രിക്കറ്റിൽ തന്നെ താരങ്ങൾ കുറവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ ക്രിക്കറ്ററായി കളി തുടങ്ങിയ ധോണിയ്ക്ക് തലതൊട്ടപ്പന്മാരുണ്ടായിരുന്നില്ല. ബിഹാറിലെ റാഞ്ചിയിൽ ഒരു സാധാരണ ഓഫീസ് ജീവനക്കാരന്റെ മകനായി ജനിച്ച മഹേന്ദ്രസിംഗ് ഫുട്ബോൾ കളിച്ചാണ് തുടങ്ങിയത്. ധോണിയുടെ ഗോൾ കീപ്പിങ്ങ് കഴിവുകൾ കണ്ട ഫുട്ബോൾ കോച്ചാണ് ഒരു പ്രാദേശിക ക്ലബ്ബില്‍ വിക്കറ്റ് കീപ്പറായി പറഞ്ഞയച്ചത്. അവിടെ നിന്ന് വിക്കറ്റ് കീപ്പറായി തുടങ്ങിയ യാത്ര അതിന്റെ പൂർണ്ണതയിലെത്തിയത് 2011ൽ മുംബൈയിലെ വാങ്കടേ സ്റ്റേഡിയത്തിൽ വച്ച് 1983നു ശേഷം ആദ്യമായി ലോകകപ്പിലേക്ക് പായിച്ച് ആ ഹെലി കോപ്റ്റർ ഷോട്ടാണ്.
ഇന്ത്യൻ ക്രിക്കറ്റിന്റെ കണ്ണാടിയായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ കാൽക്കൽ സമർപ്പിച്ച കാണിക്കയായിരുന്നു ആ വിജയം. യുവരാജ് സിംഗിനു പകരം താൻ തന്നെ ഇറങ്ങി അടിച്ചെടുത്ത 91 റണ്ണുകളാണ് ഇന്ത്യന്‍ വിജയത്തിന്റെ ആണിക്കല്ലായത്. പ്രതിസന്ധികളിൽ പതറാതെ, വെല്ലു വിളികളിൽ തളരാത്ത ക്യാപ്റ്റൻ കൂളിന് സമാനതകളില്ല എന്നതിന് കാരണം ഇതാണ്.