പത്തനംതിട്ട കളക്ടറുടെ പേരില്‍ വ്യാജ വാട്ട്സ് ആപ്പുണ്ടാക്കി പണം തട്ടാൻ ശ്രമം ; അന്വേഷണം ആരംഭിച്ച് പോലീസ്
റാന്നി : പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന്‍റെ പേരില്‍ തട്ടിപ്പിന് ശ്രമം. വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പ്രേം കൃഷ്ണന്‍റെ ചിത്രം ഡി പി യാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. എഡിഎം അടക്കം കളക്ടറുടെ സുഹൃത്തുക്കൾക്കും മറ്റു നിരവധി പേര്‍ക്കും സന്ദേശം അയച്ചുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് കളക്ടർ പറഞ്ഞു. എഡിഎം ആണ് ആദ്യം ഇക്കാര്യം അറിയിച്ചത്. കുറച്ച് സ്റ്റാഫുകള്‍ക്കും മെസേജ് വന്നു. എന്നാല്‍ ആരുടേയും പണം പോയില്ല. എസ്പിയെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഫരീദാബാദില്‍ നിന്നുമാണ് അക്കൌണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയതായും പ്രേം കൃഷ്ണൻ പറഞ്ഞു.
കളക്ടറുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. ഹരിയാന സ്വദേശിയാണ് തട്ടിപ്പിന് ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. ഇയാളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നേരത്തെ പത്തനംതിട്ട എസ്പി അജിത് ഐപിഎസിനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസിന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമം നടന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാജന്റെ സന്ദേശം ഫോണുകളിലേക്ക് എത്തുന്നത്. അക്കൗണ്ടില്‍ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും തിരുവനന്തപരം കളക്ടര്‍ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ”ഞാന്‍ ഒരു നമ്ബര്‍ ഫോണ്‍ പേ അയയ്ക്കുന്നു. നിങ്ങള്‍ക്ക് ഉടന്‍ 50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ. ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ നിങ്ങളുടെ പണം തിരികെ നല്‍കും.” എന്നായിരുന്നു തിരുവനന്തപുരം കളക്ടറുടെ പേരില്‍ സുഹൃത്തുക്കളടക്കമുള്ളവർക്കെത്തിയ മെസേജ്.