അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നു; അരങ്ങ് തകർക്കാൻ മോഹൻലാൽ
സ്വന്തം ലേഖകൻ
കൊച്ചി: മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ’ ആരാധകരിലുയർത്തുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. ചരിത്ര സിനിമകൾ പലതു വന്നെങ്കിലും കേരളത്തിന്റെയും അറബിക്കടലിന്റെയും പശ്ചാത്തലത്തിൽ ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബർ ഒന്നിന് ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ സെറ്റ് വർക്കുകൾ ഹൈദരാബാദ് റാമോജി സിറ്റിയിൽ പുരോഗമിക്കുകയാണ്.
കപ്പിത്താനായ മരക്കാറിന്റെ കപ്പലിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ബാഹുബലിയുടെ ആർട്ട് ഡയറക്ടർ സാബു സിറിളാണ് കപ്പലൊരുക്കുന്നത്. സിനിമയുടെ 75 ശതമാനവും റാമോജി സിറ്റിയിലാണ് ചിത്രീകരിക്കുന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകൾ. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആദ്യത്തെ നോവൽ ഡിഫെൻസ് സംഘടിപ്പിച്ചതും മരക്കാറാണ്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്റണി പെരുമ്പാവൂരും സി ജെ റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം. ചരിത്രവും ഭാവനയും കൂടികലർന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. ‘തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിത്രത്തിൽ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങൾ വിദേശത്തായിരിക്കും നടക്കുക. മ്യൂസിക്, ബാക്ക് ഗ്രൗണ്ട് സ്‌കോർ പോലുള്ള കാര്യങ്ങളും മികവേറിയ രീതിയിൽ ഒരുക്കാനാണ് പ്ലാൻ. അതു കൊണ്ടു തന്നെ ബജറ്റിനെ കുറിച്ച് ഞങ്ങളിപ്പോൾ ചിന്തിക്കുന്നില്ല’, എന്നാണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ പ്രിയദർശൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.