ചരിത്രപരമായ അനീതി തിരുത്തുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; ഗാന്ധിയും ആഗ്രഹിച്ചത് ഇതാണ്; അഭയം തേടിയെത്തുന്നവർ ഭൂരിഭാഗവും ദളിതർ
സ്വന്തം ലേഖകൻ
ഡൽഹി: ചരിത്രപരമായ അനീതി തിരുത്തുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയൽരാജ്യങ്ങളിൽ കഴിയുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന ബിജെപിയുടെ പഴയ വാഗ്ദാനം നിറവേറ്റുകയാണ് ഇതിലൂടെ ചെയ്തതെന്ന് ഡൽഹിയിൽ എൻസിസി റാലിയെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ആദ്യ നാളുകളിൽ രാജ്യം ഭരിച്ചിരുന്നവർ വിഭജനത്തെ അംഗീകരിച്ചു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെ കുറിച്ചാണ് നെഹ്റു- ലിയാഖത്ത് ഉടമ്പടി പറയുന്നത്. ഗാന്ധിയും ആഗ്രഹിച്ചത് ഇതാണ്. ഇന്ത്യ നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ടുബാങ്ക് രാഷ്ട്രീയമാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരുടെ ലക്ഷ്യം. ദലിതിന് വേണ്ടി നിലക്കൊളളുന്നവരായാണ് ചിലർ പ്രവർത്തിക്കുന്നത്. അതേസമയം പാകിസ്ഥാനിൽ ദലിതർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഇവർ അവഗണിക്കുന്നു. പാകിസ്ഥാനിലെ പീഡനത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടി എത്തുന്നവരിൽ ഒട്ടുമിക്ക ആളുകളും ദളിതാറാണ് എന്ന കാര്യം ഇവർ വിസ്മരിക്കുന്നതായും മോദി കുറ്റപ്പെടുത്തി.
‘കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ മുൻപിൽ എന്റെ സൽപ്പേരിന് കളങ്കം ചാർത്താൻ ഇടയാക്കുന്നു എന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ സൽപ്പേരിന് വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന് നുണപ്രചരിപ്പിക്കുന്നവർ മനസ്സിലാക്കുന്നില്ല. ഇന്ത്യയുടെ യശസ്സ് ഉയർത്താനാണ് ഞാൻ പ്രവർത്തിക്കുന്നത്’ – മോദി പറഞ്ഞു.