play-sharp-fill
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല ; തകർന്നടിഞ്ഞത് കെജ്‌രിവാൾ എന്ന നന്മമരത്തെ വീഴ്ത്തുകയെന്ന ബിജെപിയുടെ തന്ത്രം

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല ; തകർന്നടിഞ്ഞത് കെജ്‌രിവാൾ എന്ന നന്മമരത്തെ വീഴ്ത്തുകയെന്ന ബിജെപിയുടെ തന്ത്രം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : നിയസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പറഞ്ഞതു പോലെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. കെജ്‌രിവാളിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ മോദിക്കും അമിത്ഷായ്ക്കും ദയനീയ തോൽവി. അതോടൊപ്പം ഡൽഹിയിൽ കോൺഗ്രസും തകർന്നടിഞ്ഞു. നെഗറ്റീവ് കാമ്പയിൻ അതിന്റെ ഉച്ചസ്ഥായിയിലെത്തിച്ചിട്ടും ഡൽഹി ജനത ബിജെപിക്ക് മുന്നിൽ വാതിൽ തുറന്നില്ല. പ്രചാരണം എപ്പോഴും വോട്ടാകണമെന്നില്ല. പ്രചാരണവും അതിന്റെ കൊഴുപ്പും ജനം കണക്കിലെടുത്തിരുന്നെങ്കിൽ ബിജെപി വിജയം നേടിയേനെ.


തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 63 സീറ്റ്, ബി.ജെ.പിയ്ക്ക് 7 സീറ്റ് എന്നിങ്ങനെ ഇരുപാർട്ടികളുമാണ് എഴുപത് സീറ്റുകളും പിടിച്ചെടുത്തത്. കോൺഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാനായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇടത്പാർട്ടിയാകട്ടെ വോട്ടിംഗ് ശതമാനത്തിന്റെ ഏഴയലത്ത് പോലും എത്തിയില്ല. യഥാർത്ഥ മത്സരം ബിജെപിയും കെജ്‌രിവാളും തമ്മിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014ൽ ആഞ്ഞുവീശിയ മോദി തരംഗത്തെ നാല് വർഷത്തിനിടയിൽ ചെറുത്തത് ഡൽഹിയിൽ കെജ്‌രിവാളും പഞ്ചാബിൽ അമരീന്ദർ സിങ്ങും മാത്രമായിരുന്നു. രണ്ട് തവണയും ലോക്‌സഭയിൽ ഏഴിൽ ഏഴ് സീറ്റും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും 56 ശതമാനം വോട്ട് നേടിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വരുമ്‌ബോൾ അതേ ജനം കെജ്‌രിവാളിനും എഎപിക്കും വോട്ട് ചെയ്യുന്ന കാഴ്ച.

ഇന്ത്യയിൽ മറ്റൊരിടത്തും ഒരു പക്ഷേ വോട്ടിങ്ങിൽ ഇത്രയും വലിയൊരു വ്യതിയാനം കാണാനാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ലീഡ് നില പരിശോധിച്ചാൽ 70ൽ 65 സീറ്റിലും ബിജെപിക്കായിരുന്നു ലീഡ്. അഞ്ച് സീറ്റിൽ കോൺഗ്രസ് മുന്നിലെത്തി. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിയമസഭാ സീറ്റ് ലീഡ് പരിശോധിച്ചാൽ എഎപി വട്ടപൂജ്യമായിരുന്നു. അവിടെ നിന്ന് എട്ട് മാസം കൊണ്ട് വീണ്ടും കെജ്‌രിവാൾ അത്ഭുതം സൃഷ്ടിച്ചു.

പ്രചരണത്തിൽ രണ്ട് റാലിയിൽ മാത്രമേ മോദി പങ്കെടുത്തുള്ളൂ. അതുകൊണ്ട് മോദിയുടെ പരാജയമല്ല എന്ന് ബിജെപിയും അണികളും വ്യഖ്യാനിക്കും. പക്ഷേ അമിത് ഷായുടെ തന്ത്രങ്ങളുടെ പരാജയമാണിത്. ജെ.പി നഡ്ഡയുടെ സംഘാടനത്തിന്റെയും ആസൂത്രണത്തിന്റെയും ഫലം വോട്ടിൽ ഫലിച്ചില്ല. അമിത് ഷാ രണ്ടാഴ്ചയോളമാണ് ഡൽഹിയിൽ തമ്പടിച്ച് പ്രചാരണം ഏകോപിപ്പിച്ചത്. കെജ്‌രിവാൾ എന്ന വളരുന്ന വന്മരത്തെ വീഴ്ത്തുക എന്ന ഷായുടെ ദൗത്യമാണ് തകർന്നത്.

വടക്ക് കിഴക്കേ ഇന്ത്യ പിടിച്ചപോലെ ഏറ്റെടുക്കൽ ഇനി ഡൽഹിയിൽ അത്ര എളുപ്പമാകില്ല. ഏറ്റെടുക്കലും വിലയ്‌ക്കെടുക്കലും മാത്രമാണ് ഇനി നോക്കാവുന്ന മാർഗം. പക്ഷേ അത് അത്ര എളുപ്പമല്ല. കെജ്‌രിവാൾ ഒരു വന്മരമായി വളരുകയാണ്.