ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വീഡിയോയിൽ പകർത്തിയ വ്യാപാരിയെ  ആക്രമിച്ച സംഭവം; കഞ്ചാവ് മാഫിയ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വീഡിയോയിൽ പകർത്തിയ വ്യാപാരിയെ ആക്രമിച്ച സംഭവം; കഞ്ചാവ് മാഫിയ സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വീഡിയോയിൽ പകർത്തിയ വ്യാപാരിയെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.

കോതനല്ലൂരിൽ കഞ്ചാവ് മാഫിയ സംഘത്തിലെ കാണക്കാരി ചാത്തമല മാങ്കുഴിക്കൽ രഞ്ജിത്ത് മോൻ (25) , അതിരമ്പുഴ കോട്ടമുറി കൊച്ചു പുരയ്ക്കൽ ആൽബിൻ കെ. ബോബൻ (22 ) , അതിരമ്പുഴ കോട്ടമുറി ചെറിയ പള്ളിക്കുന്നേൽ ബിബിൻ ബാബു (25), അതിരമ്പുഴ പടിഞ്ഞാറ്റ് മറ്റം നാൽപ്പാത്തിമല കരോട്ട് കാലാങ്കൽ വിഷ്ണു പ്രസാദ് (21), കാണക്കാരി തൂമ്പക്കര കണിയാംപറമ്പിൽ സുജേഷ് സുരേന്ദ്രൻ (24) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെയും എസ്.ഐ ടി.എസ് റെനീഷിന്റെയും നേതൃത്വത്തിളുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോതനല്ലൂര്‍ ചാമക്കാലായില്‍ കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. ഈ ഏറ്റുമുട്ടൽ ജംഗ്ഷനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന പ്രതിഷ് അന്നാടിക്കലി തന്റെ മൊബൈലിൽ പകർത്തി. ഇത് ശ്രദ്ധയിൽപെട്ട സംഘം കടയില്‍ കയറി പ്രതീഷിനെ അക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തലയ്ക്ക് പരിക്കേറ്റ പ്രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ നിർദേശാനുസരണം ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ രാജേഷ് കുമാർ , എസ്.ഐ ടി.എസ് റെനീഷ് , സിവിൽ പൊലീസ് ഓഫിസർമാരായ സാബു പി.ജെ, ഡെന്നി പി.ജോയി, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രവീൺ കുമാർ എ.കെ , ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സംഘാംഗങ്ങളായ അനീഷ് വി.കെ , അരുൺ കുമാർ അജയൻ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടി.