കൊള്ള പലിശയ്ക്കെതിരായ തേർഡ് ഐ ന്യൂസിൻ്റെ വാർത്തയ്ക്ക് ഫലം കാണുന്നു; ആദ്യ പരാതി മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ; ക്യാൻസർ ബാധിതയായ പിഞ്ചു കുഞ്ഞിൻ്റെ ചികിൽസയ്ക്കായി വാങ്ങിയത് ഒരു ലക്ഷം; ഒന്നര വർഷത്തെ പലിശ രണ്ടര ലക്ഷം; പലിശ ചോദിച്ച് പുലർച്ചെ മുതൽ പൂരപ്പാട്ടും, ഗുണ്ടായിസവും കാണിച്ചത് പത്തു സെൻ്റിലെ ഷീലാ ബാബു; കൊള്ള പലിശക്കാർക്കെതിരെ കർശന നടപടിയെന്ന് ഡിവൈഎസ്പി

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കയത്തും, വണ്ടൻപതാലിലും കൊള്ള പലിശയും, പത്താം കളവും നടത്തുന്നവർക്കെതിരെ നിരന്തരമായി തേർഡ് ഐ ന്യൂസിൽ വരുന്ന വാർത്തയ്ക്ക് ഫലം കണ്ടുതുടങ്ങി.

ക്യാൻസർ ബാധിതയായ പിഞ്ചുകുഞ്ഞിൻ്റെ ചികിൽസയ്ക്കായി മുൻ ചുമട്ടുകാരനായ പുതുപ്പറമ്പിൽ ബാബുവിൻ്റെ ഭാര്യ ഷീലാ ബാബു എന്ന കൊള്ള പലിശക്കാരിയോട് കുട്ടിയുടെ പിതാവ് ഒന്നര വർഷം മുൻപ് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.

ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിനാല്പതിനായിരം രൂപ പലിശയും നല്കി.

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി മൂലം കുട്ടിയുടെ പിതാവിന് ജോലിയ്ക്ക് പോകാൻ സാധിച്ചില്ല. വരുമാനം നിലച്ചതോടെ കഴിഞ്ഞ മാസം പലിശ നല്കിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് രണ്ടു ദിവസമായി പലിശ ചോദിച്ച് ഷീലാ ബാബു കുട്ടിയുടെ വീട്ടിലെത്തുമായിരുന്നു. സാഹചര്യങ്ങൾ പറഞ്ഞുവെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ ഷീല തയ്യാറായില്ല

ഇന്ന് രാവിലെ മുതൽ കുട്ടിയുടെ വീട്ടിലെത്തി പിതാവിനേയും, ബന്ധുക്കളേയുമടക്കം ഷീല തെറി വിളിക്കുകയും, ഭീഷണി പെടുത്തുകയുമായിരുന്നു.

തെറിക്കൊപ്പം ഭീഷണി കൂടി ആയതോടെ കുട്ടിയുടെ പിതാവ് വിവരം തേർഡ് ഐ ന്യൂസിൽ അറിയിക്കുകയായിരുന്നു.

തേർഡ് ഐയിൽ നിന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയെ വിവരം ധരിപ്പിക്കുകയും അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം മുണ്ടക്കയം സ്റ്റേഷനിൽ പരാതി നല്കുകയുമായിരുന്നു.

കൊള്ള പലിശ ഇടപാട് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എൽ. സജിമോൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

കൊള്ള പലിശ ഇടപാട് നടത്തുന്നവരേക്കുറിച്ച് അറിയാവുന്നവരോ,പലിശ ഇടപാടിൽ കുടുങ്ങി ദുരിതം അനുഭവിക്കുന്നവരോ ഉണ്ടെങ്കിൽ
98472 00864 നമ്പരിൽ തേർഡ് ഐ ന്യൂസിൻ്റെ ചീഫ് എഡിറ്ററെ ബന്ധപ്പെടുക. നിങ്ങളുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും