
കോട്ടയത്തു നിന്ന് കാക്കനാട്ടെത്തി നമ്പര്‍ 18 ഹോട്ടല്‍ താവളമാക്കിയത് രാസലഹരി കടത്തിന്; സൈജു തങ്കച്ചൻ കോഴിക്കോട് മാഫിയയുടെ കൊച്ചി ഏജൻ്റ്; ‘അന്‍സിയെയും സംഘത്തെയും സൈജു ആഫ്റ്റര്‍ പാര്‍ട്ടിക്ക് നിര്‍ബന്ധിച്ചു’; മോഡലുകളുടെ മരണത്തില്‍ സൈജു തങ്കച്ചന് കുരുക്ക് മുറുകുന്നു
സ്വന്തം ലേഖിക
കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ അന്വേഷണ സംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍.
ഇന്റീരിയര്‍ ഡിസൈനറായ കോട്ടയം സ്വദേശി സൈജു ഹോട്ടലുടമ റോയി വയലാട്ടിൻ്റെ അടുത്ത സുഹൃത്താണ്. വര്‍ഷങ്ങളായി കാക്കനാട്ടാണ് താമസം. നമ്പര്‍ 18 ഹോട്ടലായിരുന്നു സൈജുവിൻ്റെ സ്ഥിരം താവളം. നിശാപാര്‍ട്ടികളുടെ തുടര്‍ച്ചയായി ഇവിടെ നേരം പുലരുംവരെ നടന്ന ‘ആഫ്റ്റര്‍ പാര്‍ട്ടി’കള്‍ക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളുമാണെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെൻ്റിനു രഹസ്യവിവരം ലഭിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലില്‍ വച്ച് അന്‍സി ഉള്‍പ്പെടെയുള്ളവരെ സൈജു ആഫ്റ്റര്‍ പാര്‍ട്ടിക്ക് നിര്‍ബന്ധിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ താല്‍പര്യമില്ലെന്ന് അന്‍സിയും സംഘവും വ്യക്തമാക്കിയെങ്കിലും സൈജു വീണ്ടും നിര്‍ബന്ധിച്ച് കാറില്‍ പിന്തുടരുകയായിരുന്നു. ഈ യാത്രയിലാണ് അപകടം സംഭവിച്ചതെന്ന് അന്വഷണസംഘം കണ്ടെത്തി.
ഹോട്ടലില്‍ നിന്ന് അമിത ലഹരിയില്‍ പുറത്തുവന്ന യുവാക്കളെ രാത്രി വൈകി വാഹനം ഓടിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാനാണു താന്‍ ശ്രമിച്ചതെന്നും ഈ ഉദ്ദേശ്യത്തോടെയാണു പിന്തുടര്‍ന്നതെന്നുമായിരുന്നു സൈജുവിൻ്റെ ആദ്യമൊഴി. എന്നാല്‍, ഇവരുടെ വാഹനം സഞ്ചരിച്ച റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ നിരീക്ഷണ ക്യാമറകളില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളാണു സൈജുവിൻ്റെ വാദത്തെ പൊളിച്ചത്.
വിവിധ മയക്കുമരുന്നുകളുടെയും അവ ഉപയോഗിക്കുന്നതിൻ്റെയും ചിത്രങ്ങളും നിരവധി സ്ത്രീകളുടെ ചിത്രങ്ങളും ഇയാളുടെ മൊബൈല്‍ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. രാസ ലഹരി കടത്തിലെ പ്രധാന ഏജന്റാണ് സൈജു എന്നാണ് സംശയം. ബെംഗളൂരു കേന്ദ്രീകരിച്ചു കേരളത്തിലേക്കു രാസലഹരി മരുന്നു കടത്തുന്ന കോഴിക്കോട് റാക്കറ്റിൻ്റെ കണ്ണിയാണെന്ന സൂചനയും ലഭിച്ചു.
ഇതിനിടെ ഇയാള്‍ക്കെതിരെ ആരോപണവുമായി മുംബൈ മലയാളിയായി യുവതിയും രംഗത്തെത്തി. സൈജു പത്തു ലക്ഷം രൂപ തട്ടിയെടുത്തതായാണ് യുവതിയുടെ പരാതി. ഇതിൻ്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും പാലാരിവട്ടം സ്റ്റേഷനില്‍ സൈജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനായി 3 ദിവസത്തേക്ക് അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ നല്‍കി. കേസില്‍ സൈജു ഒളിവില്‍പോയതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.