
പതിവ് പോലെ ഇത്തവണയും വിഡി സതീശന്‍ സര്‍ക്കാരില്‍ ഇനി 13ആം നമ്പര്‍ കാറില്ല. മന്ത്രിമാര്‍ ആരും വേണ്ടെന്ന് പറഞ്ഞതോടെ ഈ കാര്‍ ടൂറിസം വകുപ്പ് ഒഴിവാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും 13ആം നമ്പര്‍ ആരും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ പിണറായി വിജയന്‍ നയിച്ച രണ്ട് സര്‍ക്കാരിന്റെ കാലത്തും വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും മന്ത്രിമാര്‍ 13ആം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13ആം നമ്പര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകും 2006ലെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ അന്ന് വിദ്യാഭ്യാസ മന്ത്രായായിരുന്ന എംഎ ബേബിയും 13ആം നമ്പര്‍ തന്നെ ഉപയോഗിച്ചു. അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം 13ആം നമ്പറിന് പിന്നിലുണ്ട്.
അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടാം നമ്പര്‍ കാറാണ് നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തല ഒമ്പതാം നമ്പര്‍ കാര്‍ ഉപയോഗിക്കും. രമേശ് ചെന്നിത്തല ചോദിച്ചുവാങ്ങിയതാണ് ഒമ്പതാം നമ്പര്‍. ഷിബു ബേബി ജോണിന് 51ആം നമ്പര്‍ കാറും അനുവദിച്ചു. മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുന്നതാണ് പൊതുവേയുള്ള രീതി.






