മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: കോട്ടയത്ത് യുവമോർച്ചാ – ബി.ജെ.പി മാർച്ചിൽ സംഘർഷം; അഡ്വ.നാരായണൻ നമ്പൂതിരിയ്ക്ക് പരിക്ക്; രണ്ടു പ്രവർത്തകർ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി യുവമോർച്ചാ പ്രവർത്തകർ നടത്തിയ എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം. ബി.ജെ.പി മധ്യമേഖലാ സെക്രട്ടറി എം.കെ നാരായണൻ നമ്പൂതിരി അടക്കമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും ലാത്തിച്ചാർജിലും ജലപീരങ്കിപ്രയോഗത്തിലും പരിക്കേറ്റു.

ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും പരിക്കേറ്റ ബി.ജെ.പി മധ്യമേഖലാ അദ്ധ്യക്ഷൻ എം.കെ നാരായണൻ നമ്പൂതിതി, യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ലാൽകൃഷ്ണ, ശ്യാം വൈക്കം എന്നിവരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തിലേറെ പ്രവർത്തകർക്ക് ലാത്തിയടിയിൽ പരിക്കേറ്റിട്ടുണ്ട്. ബാരിക്കേഡ് ചാടിക്കടന്ന അഖിൽ രവീന്ദ്രനെയും, ശ്യാമിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 11 മണിയോടെയായിരുന്നു ബി.ജെ.പി – യുവമോർച്ചാ പ്രവർത്തകരുടെ നേതൃത്വത്തിൽ എസ്.പി ഓഫിസിലേയ്ക്കു മാർച്ച് നടത്തിയത്. ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം, കളക്ടറേറ്റിനു സമീപം പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്നു, പ്രവർത്തകർ ബാരിക്കേഡ് വലിച്ച് താഴെയിടാൻ ശ്രമിച്ചു. ബലം പ്രയോഗിച്ച് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു.

പ്രതിഷേധം സംഘർഷത്തിലേയ്ക്കു കടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിലാണ് അഡ്വ.നാരായണൻ നമ്പൂതിരി തെറിച്ചു വീണത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാരിക്കേഡ് ചാടിക്കടന്ന് എത്തിയ പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് ചെയ്തു. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം കോട്ടയം കെ.കെ റോഡിൽ ഗതാഗതം തടസപ്പെട്ടു.