വെള്ളയും നീലയും കവറിലെത്തുന്ന എല്ലാ പാലും മിൽമയല്ല…! മലയാളി കണികണ്ടുണരുന്ന നന്മയിലും വ്യാജന്മാരുടെ കടന്നുകയറ്റം ; മലയാളികളുടെ അടുക്കളയിൽ മിൽമയുടെ പേരിൽ തിളയ്ക്കുന്നത് തിന്മയോ…?

സ്വന്തം ലേഖകൻ

പത്തനംതിട്ട : വിപണിയിൽ മിൽമാ പാലിനും അപരന്മാർ. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ മിൽമാ പാൽ വാങ്ങുമ്പോൾ ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറിൽ വിപണിയിൽ എത്തുന്ന എല്ലാ പാലും മിൽമയല്ല.

മിൽമയ്ക്ക് മേന്മ, മൈമ എന്നീ പേരുകളിലെല്ലാം വ്യാജൻമാരുമുണ്ട്. മിൽമാ എന്ന ഇംഗ്‌ളീഷിലുള്ള അക്ഷരങ്ങളും പശുവിന്റെ ചിത്രവും ലേഔട്ടും അതേപ്പടി കോപ്പിയടിച്ചാണ് വ്യാജൻമാർ വിപണി കീഴക്കടക്കിയിരിക്കുന്നത്.

കെട്ടിലും മട്ടിലും മിൽമയാണന്ന് തോന്നുന്ന കവർ പാൽ 450 മില്ലിലിറ്ററിന് 23 രൂപ നൽകി വാങ്ങിയാണ്ി നിരവധിയാളുകൾ പെട്ടിരിക്കുന്നത്. പത്തനംതിട്ടയിൽ വ്യാപകമായി മിൽമയുടെ അതേരീതിയിലുള്ള കവറിൽ മേന്മ എന്ന പേരിലുള്ള പാൽ വിറ്റഴിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.

ഇതേ തുടർന്ന് വഞ്ചിതരായ ഉപഭോക്താക്കളിൽ പലരും പരാതികളുമായി മിൽമയെ സമീപിച്ച് രംഗത്ത് എത്തുകയായിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപാണ് മിൽമയുടെ അതേ കവറിലുള്ള പാൽ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് മുതൽ പരാതി ലഭിക്കുന്നുണ്ടെന്നും മിൽമ അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് പരാതികൾ ഏറെയും. മേന്മ പത്തനംതിട്ടയിൽ നിന്നും മൈമ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുമാണ് വിപണിയിൽ എത്തുന്നത്.

മിൽമാ പാലിൽ ഫോർട്ടിഫൈ ചെയ്ത് വിറ്റാമിൻ എ, ഡി എന്നിവചേർക്കുന്നുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും വിറ്റാമിൻ ലഭിക്കാനാണിത്. വ്യാജന്മാർക്കെതിരെ പരാതി ഉയർന്നതോടെ മിൽമാ അധികൃതർ സ്വകാര്യ പാൽ കമ്പനികളോട് വിവരാന്വേഷണം നടത്തിയെങ്കിലും മേന്മ ഇതുവരെയും മറുപടി നൽകിയിട്ടില്ല. പരാതി നിരവധി ഉയർന്നിട്ടും മിൽമാ അധികൃതർ പ്രശ്‌നത്തിന് അർഹമായ പരിഗണന നൽകാത്തതും ആക്ഷേപങ്ങൾ ഉയരുന്നതിന് കാരണമാകുന്നുണ്ട്.