കോട്ടയത്തേയ്ക്കു പോകുമോ എന്നു ചോദിച്ചതിന് മിന്നൽ ജീവനക്കാരുടെ പൊന്നീച്ച പാറും ഇടി; കെ.എസ്.ആർ.ടി.സിയ്ക്ക് പരാതിയുമായി യുവാവ് രംഗത്ത്; സംഭവം മൂവാറ്റുപുഴയിൽ
സ്വന്തം ലേഖകൻ
കോട്ടയം: അടച്ചുപൂട്ടാറായെങ്കിലും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അഹങ്കാരത്തിന് ഒരു കുറവുമില്ല. കോട്ടയത്തേയ്ക്കു പോകുമോ എന്നു ചോദിച്ചതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ ചേർന്ന് യാത്രക്കാരനെ മർദിച്ച് അവശനാക്കി.
ബസിലെ കണ്ടക്ടർ തന്നോട് മോശമായി പെരുമാറിയെന്നും, ബസിൽ നിന്നും തന്നെ തള്ളി പുറത്താക്കിയെന്നും ബംഗളൂരുവിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി സമീർ തെക്കേത്തോപ്പിൽ എന്ന യുവാവ് പരാതിപ്പെട്ടു. കെഎസ്ആർടിസി മൂവാറ്റുപുഴ സ്റ്റേഷന്മാസ്റ്റർക്കാണ് സമീർ പരാതി നൽകിയത്.
മൂവാറ്റുപുഴ ബസ് സ്റ്റാൻഡിൽ ഈ മാസം 19 ന് പുലർച്ചെ 4.30 നായിരുന്നു സംഭവം. ബെഗളൂരുവിൽ ജോലിചെയ്യുന്ന സമീർ സ്വദേശമായ കോട്ടയത്തേക്ക് പോകുകയായിരുന്നു.
തൊടുപുഴയിലേക്ക് പോകുന്ന സുഹൃത്ത് സമീറിനെ മൂവാറ്റുപുഴ സ്റ്റാൻഡിൽ ഇറക്കി. ഇവിടെ നിന്നും കോട്ടയത്തേക്ക് പോകാൻ തുനിഞ്ഞപ്പോഴാണ് ബസ് കാത്തു നിന്നത്. സ്റ്റാൻഡിൽ നിൽക്കവേ അൽപ്പസമയത്തിനകം സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മിന്നൽ ബസ് എത്തി.
ബസിൽ കോട്ടയം എന്ന് ബോർഡും വെച്ചിട്ടുണ്ടായിരുന്നു. ബസിൽ കയറിയ തന്നോട് ബസ്, വയനാട്ടിലേക്ക് പോകുന്നതാണെന്നും ഇറങ്ങണമെന്നും ആവശ്യപ്പെട്ടു.
വീണ്ടും ബസിന്റെ ബോർഡ് പരിശോധിച്ച് ഉറപ്പാക്കിയശേഷം വണ്ടിയിൽ കയറിയപ്പോൾ, കണ്ടക്ടർ ചീത്ത വിളിക്കുകയും ബസിൽ നിന്ന് പിടിച്ചു തള്ളി പുറത്താക്കിയെന്നും സമീർ പരാതിപ്പെടുന്നു.
കണ്ടക്ടർ സ്റ്റേഷന്മാസ്റ്ററുടെ അടുത്തേക്ക് പോയപ്പോൾ, ബസ് കോട്ടയത്തേക്ക് പോകുന്നതല്ലേയെന്ന് ചോദിച്ചപ്പോൾ ഡ്രൈവറും പ്രതികരിച്ചില്ല. തിരിച്ചെത്തിയ കണ്ടക്ടർ കൂടുതൽ രോഷാകുലനാകുകയും ബസിൽ നിന്നും കഴുത്തിന് പിടിച്ച് തള്ളി പുറത്താക്കിയെന്നും സമീർ പറയുന്നു. തുടർന്ന് യുവാവ് സ്റ്റേഷന്മാസ്റ്റർക്ക് പരാതി നൽകി.
എന്നാൽ 20 മിനുട്ടിനകം ഒരു ജീവനക്കാരൻ വിളിച്ച് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പരാതിയുമായിമുന്നോട്ടുപോയാൽ കണ്ടക്ടറുടെ ജോലി പോകുമെന്നും, അതിനാൽ പരാതി പിൻവലിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
എന്നാൽ പരാതി പിൻവലിക്കില്ലെന്ന് സമീർ പറഞ്ഞു. ഇനി മറ്റൊരു യാത്രക്കാരനും ഈ ദുരനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് താൻ പരാതിയുമായി മുന്നോട്ടുപോകുന്നതെന്നും യുവാവ് വ്യക്തമാക്കി.
Third Eye News Live
0