ബിഡിജെഎസ് എൽഡിഎഫിലേയ്‌ക്കോ; നിർണ്ണായക സൂചന നൽകി തുഷാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പോസ്റ്റ് മുക്കി

ബിഡിജെഎസ് എൽഡിഎഫിലേയ്‌ക്കോ; നിർണ്ണായക സൂചന നൽകി തുഷാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പോസ്റ്റ് മുക്കി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ വമ്പൻ ജയത്തിൽ മേയർ വി.കെ പ്രശാന്തിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സംഭവം വിവാദമായതോടെ പോസറ്റ് പിൻവലിക്കുകയും വിശദീകരണ കുറിപ്പ് ഇറക്കുകയും ചെയ്‌തെങ്കിലും ബിഡിജെഎസ് എൽഡിഎഫിലേയ്ക്കു പോകുകയാണ് എന്ന രീതിയിലുള്ള ചർച്ചകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായി.
മുഖ്യമന്ത്രിയും, വികെ പ്രശാന്തും കൈകോർത്ത് നിൽക്കുന്ന ഫോട്ടോ സഹിതമായിരുന്നു തുഷാറിന്റെ അഭിനന്ദന കുറിപ്പ്.
‘പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും, മുന്നോക്ക് ഭൂരിപക്ഷ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയർത്തി നിൽക്കുന്ന ഈ കാഴ്ച, കേരളത്തിൽ അധസ്ഥിത ജനവിഭാഗങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്’.
എന്നായിരുന്നു പോസ്റ്റ്. ഒടുവിൽ സംഭവം വിവാദമായതോടെ തുഷാറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ആൾക്ക് പറ്റിയ പിശകാണെന്ന വിശദീകരണവും പ്രത്യക്ഷപ്പെട്ടു.അശ്രദ്ധ കാരണം അത്തരമൊരു പോസ്റ്റ് ഫേസ്ബുക്ക് പേജിൽ വന്നു എന്ന് കാണിച്ച് കിരൺ ചന്ദ്രൻ എന്നയാളാണ് വിശദീകരണ കുറിപ്പ് ഇട്ടത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
എല്ലാവരും ദയവായി ക്ഷമിക്കുക..
പ്രിയ സഹോദരങ്ങളെ
ഞാൻ കിരൺ ചന്ദ്രൻ.ശ്രീ തുഷാർ വെള്ളാപ്പള്ളിയുടെ ഒഫിഷ്യൽ ഫെയ്‌സ്ബുക്ക് പേജ് കഴിഞ്ഞ രണ്ടാഴ്ചയായി ഞാനാണ് അഡ്മിനായി കൈകാര്യം ചെയ്തിരുന്നത്.
.എൻറെ അശ്രദ്ധകാരണം അബദ്ധവശാൽ അദ്ദേഹത്തിൻറെ പേജിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വട്ടിയൂർക്കാവ് വിജയിച്ച സ്ഥാനാർത്ഥി ശ്രീ പ്രശാന്തുമായി നിൽക്കുന്ന ഒരു ഫോട്ടോ ഫെയ്‌സ്ബുക്ക് പോസ്റ്റായി വന്നു.അബദ്ധം പറ്റിയെന്ന് മനസ്സിലായ ഉടനെ പ്രസ്തുത പോസ്റ്റ് റിമൂവ് ചെയ്‌തെങ്കിലും,അതിലൂടെ എൻറെ നേതാവ് ശ്രീ തുഷാർ വെള്ളാപ്പള്ളിക്കും ബി.ഡി.ജെ.എസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തിൽ തീരുന്നതല്ലായെന്ന് അറിയാം.
അദ്ദേഹത്തിൻറേയോ പാർട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ശ്രീ തുഷാർവെള്ളാപ്പള്ളിയോടും,
ബി.ഡി.ജെ.എസിനോടും,മുഴുവൻ പ്രവർത്തകരോടും,അഭ്യൂദയകാംക്ഷികളോടും ഞാൻ നിരുപാധികം മാപ്പ് അഭ്യർത്ഥിക്കുന്നു.
എൻ.ഡി.എ മുന്നണിയിൽ തുടക്കം മുതൽ ഉറച്ചുനിൽക്കുന്ന ബി.ഡി.ജെ.എസിന് ആ നിലപാടിൽ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.മാനുഷിക പരിഗണന നൽകി അറിയാതെ എനിക്ക് പറ്റിപ്പോയ അബദ്ധത്തിന് എല്ലാവരും സദയം ക്ഷമിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
ഇതുകൂടാതെ തുഷാർ വെള്ളാപ്പള്ളിയും വിശദീകരണവുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ, പ്രിയ സഹോദരങ്ങളെ എൻറെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിൻ പാനലാണ്.
അതിലൊരുസഹോദരൻ കിരൺ ചന്ദ്രൻ അദ്ദേഹത്തിൻറെ ഫോണിൽ നിന്നും അബദ്ധവശാൽ എൻറെ ഫെയ്‌സ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എൻറെ സഹപ്രവർത്തകർക്കും ഒരുപോലെ വേദനയുളവാക്കുന്നതായിരുന്നു.
അശ്രദ്ധയായി പേജ് കൈകാര്യം ചെയ്തതിലുള്ള പിഴവിന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
അനാവശ്യ തെറ്റിദ്ധാരണകൾക്ക് കാരണമായ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.എൻ.ഡി.എ മുന്നണിയുടെ അവിഭാജ്യ ഘടകമാണ് എന്നും ബി.ഡി.ജെ.എസ്.അതിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
കോന്നിയിലുൾപ്പെടെ എൻ.ഡി.എ യ്ക്കുണ്ടായ വോട്ട് വർദ്ധനവ് ശുഭസൂചന തന്നെയാണ്.വരും തെരഞ്ഞെടുപ്പുകളിൽ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുക തന്നെ ചെയ്യും.നമുക്ക് ഒരുമിച്ച് ശക്തമായി മുന്നോട്ട് പോകാം.
തുഷാർ വെള്ളാപ്പള്ളി