
രക്താര്‍ബുദം ബാധിച്ച മകനെ തോളിലിട്ട് ആര്‍സിസിയിലൂടെ നടന്ന അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന് നേരെ സൈബര്‍ സഖാക്കളുടെ ആക്രമണം; കണ്ണന് പിന്തുണയുമായി സാധാരണക്കാര്‍ എത്തിയതോടെ സൈബര്‍ പോരാളികള്‍ അക്കൗണ്ടും പൂട്ടി ഓടി; അടൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ഉറപ്പുണ്ടായിരുന്ന വോട്ടുകള്‍ കൂടി നഷ്ടമായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മകന്റെ ചികില്‍സയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വച്ച് ആര്‍സിസിയിലേക്ക് പോയ അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന് നേരെ സൈബര്‍ സഖാക്കളുടെ അക്രമം. ഇതിനെതിരെ നിഷ്പക്ഷരായ സാധാരണക്കാര്‍ സൈബര്‍ ഇടങ്ങളില്‍ കണ്ണന് പിന്തുണയുമായി എത്തി. അവരുടെ കമന്റുകളും മറുപടിയും താങ്ങാന്‍ കഴിയാതെ വന്നതോടെ സൈബര്‍ സഖാക്കളില്‍ പലരും അക്കൗണ്ട് പൂട്ടി.
സിപിഎം നേതാവും അടൂര്‍ കടമ്പനാട് മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ എആര്‍ അജീഷ്‌കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതോടെ സിപിഎമ്മില്‍ ചേര്‍ന്നിട്ടുള്ളതുമായ മുന്‍ ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് ശൈലേന്ദ്രനാഥ് തുടങ്ങിയവരാണ് കണ്ണന് നേരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി ഫേസ് ബുക്കിലും വാട്‌സാപ്പിലും പ്രചാരണം നടത്തിയത്.
മാത്തൂര്‍ ഗവ. യുപി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കണ്ണന്റെ മകന്‍ ശിവകിരണി(9)ന് നാലു വര്‍ഷം മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അസുഖം ഏറെക്കുറെ ഭേദമായെങ്കിലും അവശതയും ക്ഷീണവുമുണ്ട്. മാസം തോറും ചെക്കപ്പും വേണ്ടി വരും. ഏപ്രില്‍ ഒന്നിനായിരുന്നു ചെക്കപ്പ് ഡേറ്റ്. മകനുമായി പോകാന്‍ കണ്ണന്‍ തീരുമാനിച്ചിരുന്നില്ല. അവസാന നിമിഷം പ്രചാരണ പരിപാടികള്‍ ക്യാന്‍സല്‍ ചെയ്ത് മകന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണനെതിരെ എ.ആര്‍. അജീഷ്‌കുമാര്‍ പങ്ക് വച്ച് പോസ്റ്റ് :
തട്ടിപ്പുകാരന്‍… രണ്ടു വര്‍ഷം മുന്‍പ് ചികില്‍സ പൂര്‍ത്തിയായ സ്വന്തം മകനെയും എടുത്തു പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ രാഷ്ട്രീയ ഇലക്ഷന്‍ തട്ടിപ്പ്…സമ്മതിക്കണം…ആ തൊലിക്കട്ടി…ഇലക്ഷന് മുന്നേ ഇതാണ് ആശാന്റെ പരിപാടി എങ്കില്‍ ഇലക്ഷന്‍ കഴിഞ്ഞാലെന്തെന്ന് നാട്ടുകാര്‍ തിരിച്ചറിയുന്നു…മൂന്നു ദിവസം മുന്‍പ് കടമ്ബനാട് ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം അരുണ്‍ കെഎസ് മണ്ണടിയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞത് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തത്തെപ്പറ്റിയാണ്. ഒരു ഭാഗത്ത് അദ്ദേഹത്തിന്റെ അച്ഛന്റെ ജാതി പറഞ്ഞ് വോട്ടു പിടിക്കുവാന്‍ ഒരു കൂട്ടരെ ഇറക്കിയിരിക്കുന്നു… മറുഭാഗത്ത് അമ്മയുടെ ജാതി പറഞ്ഞ് വോട്ട് പിടിക്കാന്‍ മറ്റൊരു കൂട്ടരെ ഇറക്കിയിരിക്കുന്നു…
അപ്പോള്‍ ഞാന്‍ അരുണിമനാട് ചോദിച്ചത് മറ്റ് ജാതിക്കാരുടെ വോട്ട് കണ്ണന് വേണ്ടേ എന്നാണ്…അതിന് മറുപടി അരുണ്‍ പറഞ്ഞത് അതുമല്ല ഇനിയുള്ള തന്ത്രം…അടുത്ത ദിവസം കണ്ണന്‍ മകനെയും കൊണ്ട് ആര്‍സിസിയില്‍ പോകുന്നതിന്റെ പടം എടുത്ത് വാര്‍ത്ത ഇടാന്‍ ചില മാധ്യമങ്ങള്‍ക്ക് അച്ചാരം കൊടുത്തിട്ടുണ്ട്… രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആ വാര്‍ത്ത വരും എന്നാണ്…അന്ന് തന്നെ ഇക്കാര്യം പറഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റിടണമെന്ന് മനസില്‍ ആലോചിച്ചെങ്കിലും ഒരു അച്ഛന്‍ മകന്റെ അസുഖം വിറ്റ്് ലാഭം കൊയ്യാന്‍ നില്‍ക്കില്ലെന്ന് തോന്നിയതിനാല്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ല.
ഇന്ന് രാവിലെ മുതല്‍ ഊത്തതും മൂത്തതും ആയ കോണ്‍ഗ്രസുകാരുടെ ഫേസ് ബുക്കില്‍ ദാണ്ടെ കിടക്കുന്നു ആര്‍സിസിയുടെ മുന്നില്‍ കണ്ണന്‍ മോനെയും പിടിച്ചുള്ള ഫോട്ടോ…സ്വന്തം മകന്റെ ഫോട്ടോ വച്ച് കൊണ്ട് തട്ടിപ്പ് നടത്തുവാനുള്ള രാഷ്ട്രീയ കാപട്യം…എല്ലാ ജാതിക്കാരെയും ഒരു പോലെ കാണേണ്ടയാള്‍ ചില സമുദായക്കാരെ മാത്രം പ്രത്യേകമായി കാണുന്നു…ഇതാണ് കള്ളത്തരവും വഞ്ചനയും ജനങ്ങളെ വിഡ്ഢികള്‍ ആക്കാനുള്ള രാഷ്ട്രീയ നാടകവും…ഇത് അടൂരിലെ ജനങ്ങള്‍ തിരിച്ചറിയും….
പോസ്റ്റിനെതിരെ പലരും രംഗത്ത് വന്നതോടെ അജീഷ്‌കുമാര്‍ തന്റെ അക്കൗണ്ട് ക്ലോസ് ചെയ്തു.
അടൂര്‍ മണ്ഡലത്തില്‍ തന്നെയുള്ള ശൈലേന്ദ്രനാഥ് എന്ന സിപിഎം നേതാവ് നേതാവും കണ്ണനെതിരെയുള്ള പോസ്റ്റ് പങ്ക് വച്ചിരുന്നു.
അടൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എം.ജി കണ്ണന്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്തുപിടിച്ച് ആര്‍ സി സി യുടെ മുന്‍പില്‍ നില്‍ക്കുന്നതായി ട്ടുള്ള ഫോട്ടോ കാണുകയുണ്ടായി. കണ്ണന്‍ വെറും തറവേലക്കാരനാകരുത്. അതും സ്വന്തം മകനെ ഉപയോഗിച്ച്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് താമസിച്ച് ആര്‍ സി സിയില്‍ ചികിത്സ നടത്തി രോഗം ഭേദമായതല്ലേ.
ലോകത്ത് ഒരു പിതാവും ചെയ്യാത്ത കാര്യമാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. വോട്ടിനു വേണ്ടി സ്വന്തം മകനെ ചേര്‍ത്തു പിടിച്ച് ആര്‍ സി സി യുടെ മുന്‍പില്‍ പോയി ഒരു മാസ്‌ക് പോലും ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നത്അടൂരിലെ ജനങ്ങളെ വിഡ്ഢികളാക്കാനല്ലേ .
ഇത് ഒരു സ്ഥാനാര്‍ത്ഥിക്ക് ചേര്‍ന്ന് കാര്യമല്ല. കേരളത്തില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന എത്രയോ പേരുടെ അച്ഛനും അമ്മയും ഭാര്യയും മക്കളും ഇതു പോലെ രോഗംവന്ന് കിടക്കുന്നവര്‍ ഉണ്ട്. ആ സ്ഥാനാര്‍ത്ഥികള്‍ ആരും ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല. ഇദ്ദേഹം രണ്ടുപ്രാവശ്യം ജില്ലാ പഞ്ചായത്തില്‍ മത്സരിച്ചപ്പോഴുംഇങ്ങനെയുള്ള തരം താണ കളികള്‍ നടത്തിയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ലോകത്തില്‍ ഒരു പിതാവും ഒരു മാതാവും ഇങ്ങനെ ചെയ്യാറില്ല അടൂരിലെ ജനങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്നുള്ള കാര്യം അവര്‍ക്കറിയാം മറിമായം ഒന്നും ജനങ്ങള്‍ അംഗീകരിക്കില്ല. മറ്റ് കാര്യങ്ങള്‍ ഒന്നും പറയാനും കാണിക്കാനും ഇല്ലാത്തതുകൊണ്ടാണോ ഇങ്ങനെ ചെയ്തത്. അടൂരില്‍ ഇതിലും ദാരിദ്ര്യവും രോഗവും അനുഭവിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ആകാന്‍ യോഗ്യതയുള്ള പ്രവര്‍ത്തകരും നേതാക്കന്മാരും ഉണ്ടെന്നുള്ള കാര്യം കണ്ണന്‍ ഓര്‍ക്കുക.
എന്ന്
ശൈലേന്ദ്ര നാഥ്,
ഈ രീതിയില്‍ കണ്ണനെതിരെ പോസ്റ്റിട്ട മുഴുവന്‍ സൈബര്‍ സഖാക്കളും ജനരോക്ഷം ശക്തമായതോടെ പോസ്റ്റ് പിന്‍വലിച്ചു. ഇതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഉറച്ച വോട്ടുകള്‍ പോലും നഷ്ടമാകാന്‍ ഇടയാക്കുമെന്നാണ് അറിയുന്നത്.