മാനസിക വിഭ്രാന്തിയിൽ അക്രമാസക്തനായ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായവുമായി ലീഗൽ സർവീസ് അതോറിറ്റി; ലീഗൽ സർവീസ് അതോറിറ്റി അധികൃതർ വിളിച്ചിട്ടും പൊലീസ് എത്തിയത് ഒരു മണിക്കൂർ വൈകി

മാനസിക വിഭ്രാന്തിയിൽ അക്രമാസക്തനായ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായവുമായി ലീഗൽ സർവീസ് അതോറിറ്റി; ലീഗൽ സർവീസ് അതോറിറ്റി അധികൃതർ വിളിച്ചിട്ടും പൊലീസ് എത്തിയത് ഒരു മണിക്കൂർ വൈകി

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മാനസിക വിഭ്രാന്തിയിൽ നഗരമധ്യത്തിൽ കരിങ്കല്ലുമായി അക്രമാസക്തനായ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ മുന്നിട്ടിറങ്ങി ലീഗൽ സർവീസ് അതോറിറ്റി. ലീഗൽ സർവീസ് അതോറിറ്റിയുടെ പി.എൽ.വി ആയ ഷൈജുവാണ് നഗരമധ്യത്തിൽ കണ്ട മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്തത്. ഷൈജു വിളിച്ച് അറിയിച്ചിട്ടു പോലും അക്രമാസക്തനായ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ഒരു മണിക്കൂർ വൈകിയാണ് പൊലീസ് എത്തിയത്.
ബുധനാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഗാന്ധിസ്‌ക്വയറിലാണ് മാനസിക വിഭ്രാന്തിയുള്ള യുവാവ് കയ്യിൽ കരിങ്കല്ലുമായി അക്രമാസക്തനായ നിന്നത്. ആദ്യം ഗാന്ധിസ്‌ക്വയറിൽ വാഹനങ്ങൾക്കു നേരെ കല്ല് വലിച്ചെറിഞ്ഞ യുവാവ്, റോഡിൽ കല്ലുകൾ ഉരുട്ടി വയ്ക്കാൻ ശ്രമിച്ചു. വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും, അക്രമിക്കാൻ യുവാവ് ഒരുമ്പെടുകയും ചെയ്യുന്നത് കണ്ടാണ് ഷൈജു സ്ഥലത്ത് എത്തിയത്. ഷൈജു യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇവിടെ നിന്നും ഓടി രക്ഷപെട്ടു. ഇതോടെ ഷൈജു വിവരം വെസ്റ്റ് സ്‌റ്റേഷനിലെ ഫോണിൽ അറിയിച്ചു.
എന്നാൽ, വിവരം അറിഞ്ഞിട്ടും പൊലീസ് സംഘം സ്ഥലത്ത് എത്തിയില്ല. പതിനഞ്ചു മിനിറ്റിന് ശേഷം യുവാവ് വീണ്ടും തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ പ്രത്യക്ഷപ്പെട്ടു. കയ്യിൽ കരിങ്കല്ലുമായി എത്തിയ യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും, ആക്രമണ ഭീതി ഉയർത്തുകയും ചെയ്തു. ഇതു കണ്ടഭയന്ന യാത്രക്കാർ നിലവിളിച്ചതോടെ, ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവർമാരിൽ ചിലർ വിവരം ഷൈജുവിനെ അറിയിച്ചു. സ്ഥലത്ത് എത്തിയ ഷൈജു വീണ്ടും ഫോൺ ചെയ്തതോടെയാണ് സ്‌റ്റേഷനിൽ നിന്നും പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു യുവാവിനെ ഇവർ പിടികൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഇവിടെ ഇയാൾക്ക് കൂട്ടിരിക്കാൻ ആരുമില്ലായിരുന്നു. തുടർന്നു ഷൈജു തന്നെ നവജീവനിൽ ഇടപെട്ട് യുവാവിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി.