play-sharp-fill
മീശയുടെ പേരിൽ നോവലിസ്റ്റിനു വധഭീഷണി: ആർ.എസ്.എസുകാരൻ പിടിയിൽ

മീശയുടെ പേരിൽ നോവലിസ്റ്റിനു വധഭീഷണി: ആർ.എസ്.എസുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മീശ നോവൽ പ്രസിദ്ധീകരിച്ച നോവലിസ്റ്റ് എസ്.ഹരീഷിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകനായ പെരുമ്പാവൂർ ഇരിങ്ങോൾ വടക്കേപ്പാറക്കാട്ടിൽ സുരേഷ് ബാബു(38)വിനെയാണ് ഏറ്റുമാനൂർ എസ്.ഐ കെ.ആർ പ്രശാന്ത്കുമാർ അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും. സ്‌റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് പ്രതിക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ഹരീഷിന്റെ മീശ എന്ന നോവൽ ഹൈന്ദവ ആചാരങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് വിവാദം ഉയർന്നിരുന്നു. ഇതേ തുടർന്നു ഹരീഷ് നോവൽ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഉച്ചയോടെ ഹരീഷിന്റെ മൊബൈൽ ഫോണിൽ പെരുമ്പാവൂർ സ്വദേശിയുടെ ഭീഷണി സന്ദേശം എത്തിയത്. ഞാൻ ഒരു ഹിന്ദുവാണെന്നും, എന്റെ സമുദായത്തെ അപമാനിച്ച നിനക്ക് അധികകാലം ആയുസുണ്ടാകില്ലെന്നുമായിരുന്നു ഭീഷണി. ഇതേ തുടർന്ന് ഹരീഷ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയാണ് ഫോൺ വിളിച്ചതെന്നു കണ്ടെത്തി. തുടർന്നു പൊലീസ് സംഘം വൈകുന്നേരത്തോടെ പെരുമ്പാവൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോണിൽ അസഭ്യം പറയൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് ഇയാൾക്ക് സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിച്ചേക്കും. എന്നാൽ, പ്രതിയ്ക്ക് രാഷ്ട്രീയമൊന്നുമില്ലെന്ന നിലപാടിലാണ് പൊലീസ് ഇപ്പോൾ നിൽക്കുന്നത്. ഇയാൾ വ്യക്തികരമായ എതിർപ്പ് മാത്രമാണ് പ്രകടിപ്പിച്ചതെന്ന നിലപാടിലാണ് പൊലീസ്.