സ്വന്തം ലേഖകൻ
ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യന്‍ നിര്‍മ്മിത വാക്സിൻ ആഗസ്റ്റ് 15ന് പുറത്തിഫറങ്ങുമെന്ന വാദം തള്ളി ആരോഗ്യവിദഗ്ധര്‍. നേരത്തെ തിയതി പ്രഖ്യാപിച്ച് വാക്‌സിന്‍ പുറത്തിറക്കുന്നത് അശാസ്ത്രീയമാണെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സ് എഡിറ്റര്‍ അമര്‍ ജെസനി പറഞ്ഞു.
ക്ലിനിക്കല്‍ പരീക്ഷണം പോലും നടത്താതെ ലോകത്തെവിടേയും ഇത്തരത്തില്‍ വാക്‌സിന്‍ പുറത്തിറക്കുന്നതിന് തിയതി പ്രഖ്യാപിക്കുമെന്ന് തോന്നുന്നില്ല. ശാസ്ത്രം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് ജെസനി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐ.സി.എം.ആറിലെ ബയോ എത്തിക്‌സ് സെല്ലിലെ ഉപദേശക കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത മുത്തുസ്വാമിയും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബാല്‍റാം ഭാര്‍ഗവ എഴുതിയ കത്തിനെക്കുറിച്ച് അറിയില്ലെന്നും വസന്ത മുത്തുസ്വാമി പറഞ്ഞു.
‘സമയം വളരെ കുറവാണ്. ഒരു മാസം കൊണ്ടൊക്കെ വാക്‌സിന്‍ പുറത്തിറക്കുക എന്നത് വളരെ ചെറിയ കാലയളവാണ്. ഫാസ്റ്റ് ട്രാക്ക് പരിശോധന ഉണ്ടെങ്കില്‍ പോലും അതിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കും’, മുത്തുസ്വാമി പറഞ്ഞു.
ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര്‍ പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്. കൊവിഡ് വാക്സിന്‍ (BBV152 COVID വാക്സിന്‍) ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഒരു ഡസന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ തിരഞ്ഞെടുത്തുവെന്ന് സര്‍ക്കാരിന്റെ ഉന്നത മെഡിക്കല്‍ റിസര്‍ച്ച് ബോഡി അറിയിച്ചു.