
പന്തളം: കാറിന്റെ ഡീസല്‍ ടാങ്കിന് മുകളില്‍ നിര്‍മ്മിച്ച രഹസ്യ അറയില്‍ സൂക്ഷിച്ച് വൻതോതില്‍ എംഡിഎംഎ കടത്തിയ കേസില്‍ പന്തളം കടക്കാട് സ്വദേശി മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ (29) പൊലീസ് പിടിയിൽ. കേസിലെ മൂന്നാം പ്രതിയാണ് ഷെബീന ഖാൻ.
പിടിയിലായ മറ്റ് പ്രതികള്‍ക്ക് എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വാങ്ങുന്നതിനും ലഹരി ഇടപാടുകള്‍ക്കുമായി പണം അയച്ചു കൊടുത്തിരുന്നത് ഷെബീനയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മെയ് 15-നാണ് കേസിനാസ്പദമായ വൻ ലഹരിവേട്ട പന്തളത്ത് നടന്നത്. കാറില്‍ കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎയുമായി അടൂർ പറക്കോട് സ്വദേശി ഷംനാദ്, കോട്ടമുകള്‍ സ്വദേശി മുഹമ്മദ് ഷാൻ എന്നിവരെ പൊലീസും ഡാൻസാഫും ചേർന്ന് സാഹസികമായി പിടികൂടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തളം വലിയപാലത്തിന് സമീപം വെച്ചാണ് പ്രതികള്‍ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഡീസല്‍ ടാങ്കിന് മുകളിലായി നിർമ്മിച്ച പ്രത്യേക രഹസ്യ അറയ്ക്കുള്ളിലെ ബോട്ടിലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ഈ ബോട്ടില്‍ കട്ട് ചെയ്താണ് ലഹരിവസ്തു കണ്ടെടുത്തത്.
തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നാണ് പ്രതികള്‍ ഈ മയക്കുമരുന്ന് വാങ്ങിയത്. ചില്ലറ വില്‍പ്പനക്കാർക്ക് നല്കി വലിയ ലാഭമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായ പ്രതികളില്‍ ഷംനാദ് മുൻപ് കാപ്പാ (KAAPA) കേസില്‍ ഉള്‍പ്പെട്ട പ്രതിയാണ്. യുവതിയുടെ അറസ്റ്റോടെ ലഹരി മാഫിയയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് പോലീസ്.







