ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവായ ദളിത് ക്രൈസ്തവ യുവാവിന് പൊലീസിന്റെ ക്രൂര മർദനം: ആന്തരിക രക്തസ്രാവത്തെ തുടർന്ന് യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ; ബൂട്ടിട്ട് വയറിനേറ്റ ചവിട്ടിൽ അന്തരികാവയങ്ങൾക്ക് ക്ഷതമേറ്റു

ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവായ ദളിത് ക്രൈസ്തവ യുവാവിന് പൊലീസിന്റെ ക്രൂര മർദനം: ആന്തരിക രക്തസ്രാവത്തെ തുടർന്ന് യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ; ബൂട്ടിട്ട് വയറിനേറ്റ ചവിട്ടിൽ അന്തരികാവയങ്ങൾക്ക് ക്ഷതമേറ്റു

സ്വന്തം ലേഖകൻ

കോട്ടയം: ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ്യ ദളിത് ക്രൈസ്തവ യുവാവിനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. കൈ കാണിച്ചിട്ട് നിർത്താതെ പോയ ബൈക്കിനെ പിൻതുടർന്ന് തടഞ്ഞ് നിർത്തി, റോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ ഇയാളെ ബൂട്ടിട്ട കാലിന് ചവിട്ടി വീഴ്ത്തുകയും ചെയ്തു. മർദിച്ച് ഗുരുതരാവസ്ഥയിലായിട്ടും ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. 

യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം വൈസ് പ്രസിഡന്റും പനച്ചിക്കാട് സ്വദേശിയുമായ ലിബിൻ കെ.ഐസക്കിനാണ് (34) ക്രൂരമായ പൊലീസ് മർദനമേറ്റത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ലിബിൻ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. 
വ്യാഴാഴ്ച രാത്രി 11 മണിയോടെ എം.സി റോഡിൽ നാട്ടകം മുളങ്കുഴ ജംഗ്ഷനിലായിരുന്നു സംഭവം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ കോട്ടയം നഗരത്തിലെ സമാപന സമ്മേളനത്തിനു ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ലിബൻ. ഇതിനിടെ മുളങ്കുഴ ജംഗ്ഷനിൽ പൊലീസിന്റെ ഹൈവേ പെട്രോളിംഗ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം കൈ കാണിച്ചെങ്കിലും ലിബിൻ നിർത്തിയില്ലെന്ന് പൊലീസുകാർ പറയുന്നു. ഇതോടെ ലിബിനു പിന്നാലെ ബൈക്കിൽ പൊലീസ് സംഘം പാഞ്ഞെത്തി. ജീപ്പ് നിർത്തിയ പാടെ ഓടിയെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുണ്ടോടാ എന്ന് ചോദിച്ച് മർദിക്കുകയായിരുന്നുവെന്ന് ലിബൻ മുതിർന്ന കോൺഗ്രസ് നേതാക്കളോട് പറഞ്ഞു. മർദനമേറ്റ് റോഡിൽ വീണ ലിബിനെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വീണ്ടും മർദിച്ചു. മദ്യപിച്ചിട്ടില്ലെന്ന് അറിയിച്ചെങ്കിലും ബൈക്കും, ലിബിനെയും കസ്റ്റഡിയിൽ എടുത്ത് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ എത്തിച്ച ശേഷവും പൊലീസ് സംഘം ലിബിനെ മർദിക്കുന്നത് തുടർന്നു. ഒരു മണിക്കൂറിനു ശേഷം കോൺഗ്രസ് പ്രവർത്തകർ എത്തി ലിബിനെ ജാമ്യത്തിൽ എടുക്കുകയായിരുന്നു. 
വയറിനും, തലയ്ക്കും നടുവിനും അടക്കം വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ, ലിബിൻ വീട്ടിലേയ്ക്ക് തന്നെ പോകുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അതിരൂക്ഷമായ ശരീരവേദന അനുഭവപ്പെട്ടതോടെ ആദ്യം ജനറൽ ആശുപത്രിയിൽ ലിബിനെ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതോടെ ലിബിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്ന് ഇയാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ലിബിനെ ശനിയാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും. 
വാഹന പരിശോധനയ്ക്കിടെ ഹൈവേ പൊലീസ് സംഘം ലിബിനെ മർദിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.ജോണി ജോസഫ് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 10 ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.