കെവിന്റേത് മുങ്ങി മരണം: പ്രതികൾക്ക് രക്ഷപെടാൻ പോസ്റ്റുമാർട്ടം റിപ്പോർട്ട്; കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രതികൾ

കെവിന്റേത് മുങ്ങി മരണം: പ്രതികൾക്ക് രക്ഷപെടാൻ പോസ്റ്റുമാർട്ടം റിപ്പോർട്ട്; കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രതികൾ

സ്വന്തം ലേഖകൻ

കോട്ടയം: കെവിന്റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പിടിവള്ളിയാക്കി പ്രതിഭാഗം. കേസിൽ കെവിൻ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടും, കുറ്റപത്രവും പറയുമ്പോൾ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന വാദിച്ച് രക്ഷപെടാനാണ് പ്രതിഭാഗത്തിന്റെ തന്ത്രം. വെള്ളിയാഴ്ച പ്രാഥമിക വാദം കോടതിയിൽ ആരംഭിച്ചപ്പോഴാണ് ഒന്നാം പ്രതി ഷാനു ചാക്കോ കൊലക്കുറ്റം നിലനിൽക്കില്ലെന്ന വാദം ഉയർത്തിയത്. 
കെവിനെ കാമുകി നീനുവിന്റെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി പുനലൂർ – തെന്മല റൂട്ടിൽ ചാലിയേക്കര തോട്ടിൽ തള്ളിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കെവിൻ തോട്ടിൽ വീണ് മുങ്ങിമരിച്ചതായാണ് പോസ്റ്റ്മാർട്ടത്തിൽ കണ്ടെത്തിയിരുന്നത്. കെവിന്റെ ഉള്ളിൽ നിന്നും ഇതേ തോട്ടിലെ വെള്ളമാണ് കണ്ടെത്തിയിരുന്നതും. അതുകൊണ്ടു തന്നെ പ്രതികൾ കെവിനെ കൊലപ്പെടുത്തി എന്ന വാദം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാനവാദം. കേസിൽ പ്രതികൾക്ക് രക്ഷപെടാനുള്ള പ്രധാന വാദവും ഇത് തന്നെയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. 
കെവിനെ തട്ടിക്കൊണ്ടു പോയെന്നതും, മർദിച്ചു എന്നതും പ്രതിഭാഗം ആദ്യഘട്ടവാദത്തിൽ നിഷേധിച്ചിട്ടില്ല. എന്നാൽ, ഈകുറ്റങ്ങളൊന്നും ഇവർ ഏൽക്കാൻ തയ്യാറായിട്ടുമില്ല. ഈ സാഹചര്യത്തിൽ കുറ്റപത്രത്തിലെ പിഴവുകൾ മാത്രം നോക്കിയെടുത്ത് രക്ഷപെടാനുള്ള തന്ത്രമാണ് പ്രതിഭാഗം ഇപ്പോൾ ഒരുക്കുന്നത്. ഇതിനിടെ കേസിലെ മൂന്നാം പ്രതി ഇഷാന്റെ വാദവും വെള്ളിയാഴ്ച കോടതിയിൽ നടന്നു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും, വെറുതെ വിടണമെന്നുമായിരുന്നു ഇഷാൻ വാദിച്ചത്.  കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.ജി സനൽകുമാറാണ് കോടതിയിൽ പ്രതികളുടെ വാദം കേട്ടത്. മാർച്ച് രണ്ടിന് ബാക്കിയുള്ള പ്രതികളുടെ വാദം കോടതി കേൾക്കും. പ്രോസിക്യൂഷന് ഇനി പ്രതികളുടെ വാദത്തിനെതിരെ പറയാൻ സമയവും ലഭിക്കും. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടൻ അഡ്വ.സി.എസ് അജയനാണ് ഹാജരായത്.