കോട്ടയം മെഡിക്കൽ കോളേജ് ആധുനികമാകുന്നു: മുഖം മിനുക്കിയത് 49 കോടി മുടക്കി; 27 ന് ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയെത്തുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആധുനികമാകുന്നു: മുഖം മിനുക്കിയത് 49 കോടി മുടക്കി; 27 ന് ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയെത്തുന്നു.

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജിന്റെ ആധുനിക മുഖം കാണാനും, പൊതുജനങ്ങളെ കാണിക്കാനും 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് എത്തുന്നു. ആശുപത്രിയിൽ 49.29 കോടി മുടക്കി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായാണ് 27-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുന്നത്.
മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, കെ.രാജു എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ജോസ് കെ.മാണി എം.പി., എം.എൽ.എ.മാരായ സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ജില്ലാ കളകട്കർ ഡോ.ബി.എസ്. തിരുമേനി, മെഡിക്കല് കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിക്കും. 11.5 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ലീനിയർ ആക്‌സിലറേറ്ററിന്റെ ശിലാസ്ഥാപനവും 525 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സമർപ്പണവും അദ്ദേഹം നിർവഹിക്കും.
മെഡിക്കല് കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, ആശുപത്രി പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്ത പത്ര സമ്മേളനത്തിലാണ് പദ്ധതികൾ വിശദീകരിച്ചത്.
36 കോടി മുതൽ മുടക്കി അഞ്ച് നിലകളിലായിട്ടാണ് പുതിയ അത്യാഹിതവിഭാഗം പണിതിരിക്കുന്നത്. 1.5 കോടി രൂപ ചെലവില് അത്യാഹിത വിഭാഗത്തില് ഡി.ആര്(ഡിജിറ്റൽ റേഡിയോഗ്രഫി)യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്. റിസെപ്ഷൻ, സർജറി, മെഡിസിന്, അസ്ഥിരോഗം, ദന്തൽ വിഭാഗങ്ങൾ എന്നിവയ്ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ 166 സ്റ്റാഫ് നഴ്‌സുമാരെയും ശുചീകരണ തൊഴിലാളികൾ, ലാബ് ടെക്‌നീഷ്യൻ എന്നിവരെയും നിയമിച്ചിട്ടുണ്ട്.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ മുതൽ മുടക്കി ഗൈനക്കോളജി ഒ.പി. നവീകരിച്ചു. 8.39 കോടി മുടക്കി ആശുപത്രിയിലെ വിവിധ ഒ.പികളുടെ നവീകരണപ്രവർത്തനങ്ങൾ നടത്തി.
95 ലക്ഷം മുതൽ മുടക്കി ഡുവൽ മോഡുലാർ ട്രാൻസ്പ്ലാന്റ് ഓപ്പറേഷൻ തീയറ്ററാണ് ആശുപത്രിയിൽ പണികഴിപ്പിച്ചിരിക്കുന്നത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടക്കുന്ന കോട്ടയം മെഡിക്കല് കോളേജില് ഈ സൗകര്യം സാധാരണ ജനങ്ങള്ക്ക് വളരെ പ്രയോജനം ചെയ്യും.

സുരേഷ് കുറുപ്പ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടില് നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹീമോഫിലിയ വാർഡ് പണിതീർത്തത്. ഹീമോഫിലിയ രോഗികള്ക്ക് പ്രത്യേക പരിഗണനയോടെ ചികിത്സ നല്കാന് സാധിക്കുന്നവിധത്തിലാണ് വാർഡ് സജ്ജീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ആരോഗ്യ ബോധവത്കരണ കേന്ദ്രം, കൂട്ടിരിപ്പുകാര്ക്കുള്ള വിശ്രമസ്ഥലം തുടങ്ങിയവയോടെയാണ് പുതിയ ഗൈനക്കോളജി വാർഡ് പ്രവർത്തനം ആരംഭിക്കുന്നത്.

കൗമാരക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്, വിവാഹപൂര്വ ആരോഗ്യ കൗണ്‌സലിംങ്, ആരോഗ്യ പ്രശ്‌നമുള്ള സ്ത്രീകള് അമ്മയാവാന് തയ്യാറെടുക്കുമ്പോള് അവര്ക്കുവേണ്ടിയുള്ള കൗണ്‌സലിംങ് എന്നിവയാണ് ആരോഗ്യ ബോധവത്കരണ കേന്ദ്രത്തിലുള്ളത്.

70 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മോർച്ചറി ബ്ലോക്ക് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ പോസ്റ്റുമോർട്ടം ടേബിൾ, ഫ്രീസർ മറ്റു ഉപകരണങ്ങൾ തുടങ്ങിയവ ബ്ലോക്കിലുണ്ടാകും.

ഒരേ സമയം നാല് മൃതദേഹങ്ങൾ പോസ്റ്റ്‌മോര്ട്ടം ചെയ്യുവാന് സാധിക്കും.