play-sharp-fill
മെഡിക്കൽ കോളജിലെ കത്തിക്കരിഞ്ഞ യുവതിയുടെ മൃതദേഹം: മൃതദേഹം അര വരെ നഗ്നം: ദുരൂഹതകൾ ഏറെ: മൃതദേഹത്തിന് പഴക്കം ഒരാഴ്ച: ദഹിക്കാതെ പൊലീസ് വാദം

മെഡിക്കൽ കോളജിലെ കത്തിക്കരിഞ്ഞ യുവതിയുടെ മൃതദേഹം: മൃതദേഹം അര വരെ നഗ്നം: ദുരൂഹതകൾ ഏറെ: മൃതദേഹത്തിന് പഴക്കം ഒരാഴ്ച: ദഹിക്കാതെ പൊലീസ് വാദം

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെ. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ അരവരെയുള്ള ഭാഗം നഗ്നമാണ്. ഈ ഭാഗം കരിഞ്ഞ നിലയിലാണ്. ഇത് തീ കൊളുത്തിയതിന്റെയാണോ , അഴുകിയതിനെ തുടർന്ന് സംഭവിച്ചതാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു സാരി ലഭിച്ചിട്ടുണ്ട്. ഇത് കേസിൽ നിർണ്ണായക തെളിവായി മാറും.
അരയ്ക്ക് മുകളിൽ തീ പടർന്നതാണ് മരണകാരണം എന്നാണ് സൂചന. എന്നാൽ ഇത് എങ്ങിനെ സംഭവിച്ചു എന്നതാണ് കണ്ടെത്തേണ്ടത്. സ്വയം തീകൊളുത്തി മരിച്ചതിന്റെ ലക്ഷണങ്ങളാണ് സംഭവ സ്ഥലത്ത് ഉള്ളതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ , മെഡിക്കൽ കോളജ് ആശുപത്രിയുടെ മധ്യത്തിൽ എത്തി ഇത്തരത്തിൽ ആത്മഹത്യ നടക്കുമോ എന്ന കാര്യം സംശയം ജനിപ്പിക്കുന്നു.
കൊലപാതകത്തിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. ഇവിടം സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ കേന്ദ്രമാണ്. അനാശാസ്യ സംഘങ്ങൾ ഈ കാടിനെയും ആശുപത്രിയെയും പലപ്പോഴും താവളമാക്കാറുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും സംഘത്തിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആശുപത്രിയ്ക്കുള്ളിൽ വച്ച് കൊലപാതകം നടക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെങ്കിലും , ഇത് സംഭവിക്കാൻ വിദൂര സാധ്യത മാത്രമാണ് പൊലീസ് കാണുന്നത്. മറ്റെവിടെയെങ്കിലും കൊലപാതകം നടത്തിയ ശേഷം മൃതദേഹം ആശുപത്രിക്കുള്ളിൽ എത്തിച്ച് കത്തിച്ചതാകാം എന്ന് പൊലീസ് സംശയിക്കുന്നു. കൊലപ്പെടുത്തേണ്ടയാളെ ഇവിടെ എത്തിച്ച് ആസിഡ് ആക്രമണത്തിന് ഇരയാക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇനി ഏതെങ്കിലും രോഗി അബദ്ധത്തിൽ കാട്ടിൽ വീണ് മരണം സംഭവിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ അടുത്തിടെ കാണാതായ സ്ത്രീകളുടെ പട്ടിക പൊലീസ് തയ്യാറാക്കി. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ശാസ്ത്രീയ പരിശോധനാ സംഘം എത്തി നടത്തിയ പരിശോധനകൾക്ക് ശേഷം മൃതദേഹം കാട്ടിൽ നിന്നും പുറത്ത് എടുത്തു. നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. ഞായറാഴ്ച രാവിലെ നടക്കുന്ന പോസ്റ്റ് മോർട്ടത്തോടെ മരണകാരണം വ്യക്തമാകും.ഇതോടെ ദുരൂഹത നീങ്ങും എന്നാണ് സൂചന. ശനിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിന് മുന്നിൽ മാലിന്യങ്ങൾ തള്ളുന്ന കാടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നാൽപത് വയസ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന. കാടിനുള്ളിൽ മൃതദേഹം കിടക്കുന്നത് കണ്ട ജീവനക്കാർ വിവരം ആശുപത്രി സെക്യൂരിറ്റി വിഭാഗത്തിലെ സർജന്റിനെ അറിയിച്ചു. തുടർന്ന് സെർജന്റ് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു.