കോട്ടയം നഗരമധ്യത്തിൽ നടുറോഡിൽ മുട്ടൻ കുഴി: കോൺവച്ച കുഴി അളന്ന് പൊലീസ്; സെൻട്രൽ ജംഗ്ഷനിലെ കുഴി കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ തന്നെ ആളെ വീഴ്ത്താൻ വാരിക്കുഴി ഒരുക്കി പൊതുമരാമത്ത് വകുപ്പ്. കെ.കെ റോഡിൽ നിന്നും ശീമാട്ടി റൗണ്ടാന വരെ എത്തുന്ന ഭാഗത്ത് ഗാന്ധിസ്‌ക്വയറിനു സമീപത്തായാണ് ആളെ വീഴ്ത്താനുള്ള കുഴിയൊരുങ്ങിയിരിക്കുന്നത്. നേരത്തെ സീബ്രാ ലൈനുണ്ടായിരുന്ന ഭാഗത്താണ് ഇപ്പോൾ ഒത്ത ഒരു കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാർ നിരന്തരം അപകടത്തിൽപ്പെട്ടതോടെ കുഴിയുടെ ആഴം മനസിലാക്കാൻ പൊലീസ് കുഴിയ്ക്കുള്ളിൽ സ്റ്റോപ്പ് സിഗ്നലുള്ള കോൺ സ്ഥാപിച്ചു. ഇതാകട്ടെ യാത്രക്കാരെ കൂടുതൽ അപകടത്തിലേയ്ക്കു തള്ളി വിടുന്നതായി.
രണ്ടാഴ്ചയിലേറെയായി നടുറോഡിൽ ഇത്തരത്തിൽ അപകടക്കുഴി രൂപപ്പെട്ടിട്ട്. നഗരത്തിലെ ഏറ്റവും തിരക്കേറിയും പ്രധാനപ്പെട്ടതുമായ സ്ഥലമാണ് ഇത്. തിരുനക്കര ബസ് സ്റ്റാൻഡിലേയ്ക്കു കയറുന്നതും, ഇവിടെ നിന്നും നഗരത്തിലേയ്ക്കു വരുന്നവരുമായ നൂറുകണക്കിന് ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എന്നാൽ, ഇവരെയെല്ലാം അപകടത്തിൽപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ കുഴി നിൽക്കുന്നത്.
നേരത്തെ ഇവിടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിറ്റി കുഴിയെടുത്തിരുന്നു. ഈ കുഴിയിൽ നിന്നുള്ള മണ്ണും പൊടിയും റോഡിൽ വീണതോടെയാണ് ഈ ഭാഗത്തെ ടാറിംങ് പൂർണമായും തകർന്നത്. റോഡിലെ സീബ്രാ ലൈൻ കൂടി മാഞ്ഞതോടെ ഏതു നിമിഷവും അപകടമുണ്ടാകാവുന്ന സ്ഥിതിയാണ്. എന്നാൽ, ഈ റോഡ് പൊതുമരാമത്ത് വകുപ്പാണോ, ദേശീയ പാതാ അതോറിറ്റി ആണോ അറ്റകുറ്റപ്പണി നടത്തേണ്ടതെന്ന സംശയമാണ് ഇപ്പോൾ റോഡ് നിർമ്മാണം വൈകിപ്പിക്കുന്നതെന്നതാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group