ഈ ഒഴുകുന്ന വെള്ളം ആരുടേത്..? പ്രകൃതിയുടേതെന്ന് വാട്ടർ അതോറിറ്റി; അല്ലെന്ന് പൊലീസ്; കളക്ടറേറ്റിനു സമീപത്തെ വെള്ളമൊഴുക്ക് സംബന്ധിച്ചു തർക്കം

ഈ ഒഴുകുന്ന വെള്ളം ആരുടേത്..? പ്രകൃതിയുടേതെന്ന് വാട്ടർ അതോറിറ്റി; അല്ലെന്ന് പൊലീസ്; കളക്ടറേറ്റിനു സമീപത്തെ വെള്ളമൊഴുക്ക് സംബന്ധിച്ചു തർക്കം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈ വെള്ളം ആരുടേതെന്നതിനെച്ചൊല്ലി പൊലീസും വാട്ടർ അതോറിറ്റിയും തമ്മിൽ തർക്കം. തങ്ങളുടെ വെള്ളമല്ലെന്നും പ്രകൃതിയുടെ വികൃതിയായി ഒഴുകിയെത്തുന്ന വെള്ളമാണെന്നും വാട്ടർ അതോറിറ്റി പറയുമ്പോൾ, ഈ വെള്ളം ഒഴുകുന്നത് വാട്ടർ അതോറിറ്റി പമ്പ് ചെയ്യുമ്പോൾ മാത്രമാണ് എന്നാണ് പൊലീസിന്റെ വാദം.

ഒരു മാസത്തിലേറെയായി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്തേയ്ക്ക് വാട്ടർ അതോറിറ്റി ഓഫിസിനു സമീപത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ഈ വിവാദ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. കളക്ടറേറ്റിനു പിന്നിലായാണ് വാട്ടർ അതോറിറ്റി ഓഫിസ്. ഈ ഓഫിസിനു സമീപത്തു നിന്നാണ് ഈ പൈപ്പ് പൊട്ടിയ വെള്ളം പുറത്തേയ്ക്ക് ഒഴുകിയിറങ്ങുന്നത്. വെള്ളം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തി കെട്ടിക്കിടക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് പൊലീസുകാർ ആദ്യം വാട്ടർ അതോറിറ്റി അധികൃതരോട് പരാതി പറഞ്ഞത്. എന്നാൽ, കെട്ടിക്കിടക്കുന്ന വെള്ളം തങ്ങളുടേത് അല്ലെന്നും ഇത് പ്രകൃതിയുടെ ഉറവയായി ഒഴുകിയിറങ്ങുന്നതാണ് എന്നുമായിരുന്നു വാട്ടർ അതോറിറ്റി അധികൃതരുടെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വാട്ടർ അതോറിറ്റി പമ്പിങ് നടത്തുമ്പോൾ മാത്രമാണ് ഇത്തരത്തിൽ വെള്ളം ഒഴുകിയിറങ്ങുന്നതെന്ന് പൊലീസുകാർ തെളിവ് സഹിതം പറയുന്നു. ഈ സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ ഏതെങ്കിലും ഒന്ന് പൊട്ടിയതിനാലാവാം വെള്ളം ഒഴുകുന്നതെന്നും ഇവർ പറയുന്നു. എന്നാൽ, പൊലീസിന്റെ വാദം അനുസരിച്ച് പരിശോധന നടത്താൻ പോലും തയ്യാറാകാത്ത വാട്ടർ അതോറിറ്റിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.