എം.സി റോഡ് കുറവിലങ്ങാട് കാളികാവിൽ വൻ ദുരന്തം: നിയന്ത്രണം വിട്ട കാർ തടിലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറി കോട്ടയം തിരുവാതുക്കലിലെ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ മൂന്നു സ്ത്രീകളും

എം.സി റോഡ് കുറവിലങ്ങാട് കാളികാവിൽ വൻ ദുരന്തം: നിയന്ത്രണം വിട്ട കാർ തടിലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറി കോട്ടയം തിരുവാതുക്കലിലെ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ മൂന്നു സ്ത്രീകളും

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ തടിലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറി, കോട്ടയം തിരുവാതുക്കലിലെ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകൾ അടക്കം  അഞ്ചു പേർ ദാരുണമായി കൊല്ലപ്പെട്ടു.

കാളികാവ് പള്ളിയ്ക്കു സമീപത്തു വച്ച് തടിലോറിയ്ക്കടിയിലേയ്ക്കു  കാർ പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിൽ കാർ കുടുങ്ങിപ്പോയി. അപകടത്തെ തുടർന്ന് കാറിനുള്ളിലുണ്ടായിരുന്നവർ അരമണിക്കൂറോളം ലോറിയ്ക്കടിയിൽ കുടുങ്ങിക്കിടന്നു. കടുത്തുരുത്തിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി , കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാതുക്കൽ റേഷൻ കടയ്ക്ക് സമീപം ലോട്ടറിക്കച്ചവടക്കാരൻ വേളൂർ ആൽത്തറയിൽ വീട്ടിൽ തമ്പി ( അളിയൻ തമ്പി – 70) , ഭാര്യ വത്സല , മരുമകൾ പ്രഭ , പ്രഭയുടെ മാതാവ് ഉഷ , പ്രഭയുടെ മകൻ വേളൂർ ഉള്ളത്തിൽപ്പടിയിൽ അർജുൻ പ്രവീൺ (19) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച അർധരാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. തൃശൂരിൽ ബന്ധുവീട്ടിൽ പോയ ശേഷം  മടങ്ങിയെത്തിയ കുടുംബം സഞ്ചരിച്ച കാർ  കോട്ടയം റൂട്ടിൽ വരികയായിരുന്നു. കോട്ടയം ഭാഗത്തു നിന്നും പെരുമ്പാവൂരിലേയ്ക്കു തടിയുമായി പോകുകയായിരുന്നു ലോറി. വളവിൽ വച്ച് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് , നിയന്ത്രണം നഷ്ടമായ കാർ ലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

ലോറിയുടെ അടിയിലേയ്ക്കു കയറിയ കാറിനുള്ളിൽ യാത്രക്കാരായ അഞ്ചു പേരും കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ആരെയും പുറത്തെത്തിക്കാനായില്ല. തുടർന്ന് കടുത്തുരുത്തിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.

എറണാകുളത്തു നിന്നും മടങ്ങിയെത്തിയ സംഘം സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് യുവാവ് ആയിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നു. കുറവിലങ്ങാട് പൊലീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. ലോറിയും കാറും റോഡിനു നടുവിൽ നിന്നും മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.