ഇരയായ എനിക്ക് മരണഭയമില്ലാതെ ജീവിക്കാൻ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിക്കൂ അല്ലെങ്കിൽ എനിക്ക് സംരക്ഷണം നൽകൂ ; മാർട്ടിൻ പ്രക്കാട്ട് ഉൾപ്പടെയുള്ള അയാളുടെ സുഹൃത്തുക്കളെ ഭയന്ന് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളത് : സഹസംവിധായകനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ കത്ത് മുഖ്യമന്ത്രിയ്ക്ക്

സ്വന്തം ലേഖകൻ

കൊച്ചി : തന്നെ ലൈംഗീകമായി പീഡിച്ചുവെന്ന് പരാതി നൽകിയ കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് കത്തുമായി യുവതി. ഇരയായ തനിക്ക് ജീവിക്കാൻ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ തനിക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരിക്കുന്നത്.

കേസിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് രണ്ടാഴ്ച്ച കഴിഞ്ഞു. എന്നിട്ടും കേസിലെ പ്രതിയായ സഹസംവിധായകൻ രാഹുൽ സി ബിയെ (രാഹുൽ ചിറയ്ക്കൽ) കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വധഭീഷണി ഉയർത്തിയിരുന്നു. പ്രതിയേയും പ്രമുഖ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഉൾപ്പെടെയുള്ള സുഹൃത്തുക്കളേയും ഭയന്ന് ജീവിക്കാനാകാത്ത സാഹചര്യത്തിൽ ഞാൻ വീണ്ടും ആത്മഹത്യയിൽ അഭയം തേടാതെയാണ് വീണ്ടും കോടതിയെ സമീപിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു.

യുവതി മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്തിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സർ,

ഞാൻ എളമക്കര പോലീസ് എഫ്‌ഐആർ നമ്ബർ 550/2020 ആയി 11/07/2020ൽ രജിസ്റ്റർ ചെയ്ത പീഡനകേസിലെ ഇരയാണ്. രാഹുൽ സി ബി എന്ന മലയാള സിനിമയിലെ സഹസംവിധായകനായ പ്രതിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാതെ അലംഭാവം കാണിക്കുകയും പ്രതി തന്റെ സംരക്ഷകനായ സംവിധായകൻ മാർടിൻ പ്രക്കാട്ടിന്റെ സംരക്ഷണയിൽ ഈ കേസിൽ ഒളിവിൽ പോകുകയും ബഹുമാനപ്പെട്ട ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു.

പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷവും പരാതി പോലും നൽകാതെ സ്വയം എരിഞ്ഞൊടുങ്ങുന്ന സാഹചര്യത്തിൽ ഇനി ഈ പ്രതി മറ്റൊരു പെൺകുട്ടിയെ ഇത്തരത്തിൽ ഉപദ്രവിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഞാൻ നീതിക്കായ് പോലീസിനെ സമീപിച്ചത്. എന്നാൽ പല തരത്തിൽ പ്രതിക്ക് സഹായകരമായ അലംഭാവം മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഈ കേസിൽ ഉണ്ടായത്.

ജാമ്യം നേടിയ പ്രതിയുടേയും ബന്ധുക്കളുടേയും സുഹ്യത്തുക്കളുടേയും സമൂഹത്തിനേയും ഭാഗത്ത് നിന്നുള്ള പരിഹാസങ്ങൾ താങ്ങാനാവാതെ ഒരു സാധാരണക്കാരിയായ ഞാൻ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയും അതിനെ തുടർന്ന് എറണാകുളം ലിസി ഹോസ്പിറ്റലിലെ ചികിത്സയിലൂടെ എനിക്ക് ജീവൻ തിരിച്ച് കിട്ടുകയും ചെയ്തു.

ഈ ഘട്ടംമുതൽ കേസ് പിൻവലിക്കണം, മൊഴിമാറ്റണം എന്നീ ആവശ്യങ്ങൾ പ്രതിയുടെ സംരക്ഷകരായ മാർട്ടിൻ പ്രകാട്ട്, ഷബ്‌ന മുഹമ്മദ്, പ്രതി, പ്രതിയുടെ അമ്മ എന്നിവർ പലതരത്തിൽ ആവശ്യപ്പെടുകയും അതിനായ് സമ്മർദം ചെലുത്തുകയും ചെയ്തുകൊണ്ടിരുന്നു.

കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് 29/10/20ന് എനിക്ക് നേരെ പ്രതിയുടെ ഭാഗത്ത് നിന്നും വധഭീക്ഷണിയും അതിക്രമവും ഉണ്ടായതിനെ തുടർന്ന് ഞാൻ എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും എഫ്‌ഐആർ നമ്പർ 815/2020 ആയി പോലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിലും പോലീസിന്റെ അനാസ്ഥ തുടരുകയാണ്.

പ്രതിയേയും സുഹ്യത്തുക്കളേയും ഭയന്ന് ജീവിക്കാൻ ആവാത്ത സാഹചര്യത്തിൽ ഞാൻ വീണ്ടും ആത്മഹത്യയിൽ അഭയം തേടാതെ നിയമത്തിൽ അഭയം തേടുകയും അഭിഭാഷകന്റെ സഹായത്തോടെ കോടതിയെ സമീപിക്കുകയും ബഹുമാനപ്പെട്ട ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് 11/02/21ന് ഹൈകോടതി പ്രതിക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കുകയും ഉണ്ടായി. (ഉത്തരവിന്റെ കോപ്പി ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട് )

സർ, ബഹുമാനപ്പെട്ട കേരള പോലീസ് ഇതുവരെ രണ്ട് കേസുകളിൽ പ്രതിയായ രാഹുൽ സി ബിയെ അറസ്റ്റ് ചെയ്യാനോ, സംരക്ഷകരെ ചോദ്യം ചെയ്യാനോ, നിയമപരമായ കടമയായ കോടതി ഉത്തരവ് നടപ്പാക്കാനോ തയ്യാറായിട്ടില്ല.

പ്രമുഖരും പ്രശസ്തരുമായവർക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടാകുബോൾ ഒരു നീതിയും, സാധാരണക്കാർക്ക് എതിരെ ലൈംഗിക അതിക്രമം ഉണ്ടാകുബോൾ മറ്റൊരു നീതിയുമാണോ ഈ സംസ്ഥാനത്ത് നിലനിൽകുന്നത്? കുറ്റവാളികളെ സംരക്ഷിക്കാൻ സ്വാധീന ശേഷി ഉള്ളവർ ഉണ്ടെങ്കിൽ ഒരു നിയമത്തേയും പേടിക്കാതെ കുറ്റവാളികൾക്ക് യഥേഷ്ടം ജീവിക്കാനാവുന്ന സാഹചര്യമാണോ ഇവിടുള്ളത്?

മേൽ പറഞ്ഞ കാര്യങ്ങൾ വിശദമായി ചൂണ്ടികാണിച്ച് 13/02/21ന് അവിടുത്തേക്കും പോലീസ് അധികാരികൾക്കും മെയിൽ അയച്ചെങ്കിലും ഇതുവരെ ഒരു നടപടിയും കേരള പോലീസ് പ്രതിക്കെതിരെ സ്വീകരിച്ചിട്ടില്ല. (ഇടക്കിടക്ക് എന്നെ വിളിച്ച് പ്രതി എവിടെയാണെന്ന് കാണിച്ച് തരുമോ എന്നാൽ അറസ്റ്റ് ചെയ്യാം എന്ന് പറയാറുണ്ട്. ഇരയായ ഞാൻ തന്നെ പ്രതിയെ പിടിച്ച് നൽകേണ്ടതായ ഗതികേടാണ് എനിക്ക് ഇപ്പോൾ. എന്നാൽ പ്രതിയുടെ സംരക്ഷകരോട് അന്വേക്ഷിക്കാൻ എളമക്കര, ടൗൺ നോർത്ത് പോലീസ് തയ്യാറായിട്ടില്ല)

ആയതിനാൽ , ഇരയായ എനിക്ക് മരണഭയമില്ലാതെ ജീവിക്കാൻ ഒന്നെങ്കിൽ പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ എനിക്ക് പോലീസ് പ്രൊട്ടെക്ഷൻ നൽകണമെന്നും അഭ്യർത്ഥിക്കുന്നു.’