മഴക്കാലമെത്തി ; മൺസൂൺ ടൂറിസത്തിനൊരുങ്ങി കുമരകം
സ്വന്തം ലേഖകൻ
കോട്ടയം: മഴക്കാലത്തിന്റെ വരവോട് കൂടി മൺസൂൺ ടൂറിസത്തിന് തയ്യാറെടുക്കുകയാണ് കുമരകം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ടൂറിസ്റ്റുകൾ ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തെ ടൂറിസം മേഖല. അതേസമയം, നിപ്പാ വൈറസ് പേടിയിൽ വിദേശ സഞ്ചാരികൾ കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് നിപ്പാ സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതോടെ റിസോർട്ടുകളും ഹൗസ് ബോട്ടുകളും ബുക്ക് ചെയ്തിരുന്നവർ ചെറിയ തോതിൽ റദ്ദാക്കിയിരുന്നു.എന്നാൽ നിപ്പാ വൈറസിനെ നമ്മുടെ സർക്കാർ ഫലപ്രദമായി നേരിട്ടത് കുമരകത്തെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നുമാണ് മൺസൂൺ ടൂറിസം ആസ്വദിക്കാൻ കുമരകത്തേക്ക് സഞ്ചാരികളെത്തുന്നത്.24 റിസോർട്ടുകളും 167 ഹൗസ് ബോട്ടുകളുമാണ് കുമരകത്തുള്ളത്. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ പായലും മറ്റ് മാലിന്യങ്ങളും ഒഴുകി വേമ്പനാട് കായലിലേക്ക് വരുന്നുണ്ട്. മാലിന്യം നീക്കാനുള്ള നടപടികൾ ആരംഭിച്ചതായി കുമരകം പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി