സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനുമെതിരെ മാണി സി. കാപ്പൻ സി.ബി.ഐക്ക് മൊഴി നൽകി ;  രേഖകൾ പുറത്തുവിട്ട് ഷിബു ബേബി ജോൺ .  ആരോപണം നിഷേധിച്ച് മാണി സി കാപ്പൻ

സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനുമെതിരെ മാണി സി. കാപ്പൻ സി.ബി.ഐക്ക് മൊഴി നൽകി ; രേഖകൾ പുറത്തുവിട്ട് ഷിബു ബേബി ജോൺ . ആരോപണം നിഷേധിച്ച് മാണി സി കാപ്പൻ

സ്വന്തം ലേഖിക

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും മകൻ ബിനീഷ് കോടിയേരിക്കെതിരെയും ഇക്കഴിഞ്ഞ പാല ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച മാണി സി.കാപ്പൻ സി.ബി.ഐക്ക് നൽകിയ മൊഴിയുടെ രേഖ ആർ.എസ്.എപി നേതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടു കോടയേരിക്കും മകനും മുംബയ് മലയാളി ദനേശ് മേനോൻ പണം നൽകിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ മൊഴിയുടെ പകർപ്പാണ് ഷിബു ബേബി ജോൺ പുറത്തുവിട്ടത്. അതേസമയം, ഇനി അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വിഷയം സി.പി.എമ്മിന് തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി നൽകിയിരുന്നു.!

സിബിഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ മാണി സി കാപ്പൻ പറയുന്നത്

‘കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത് ‘

ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നു.!

ഇനി അറിയാൻ താൽപര്യം, ഇപ്പോൾ എൽഡിഎഫ് എംഎൽഎയായ മാണി സി കാപ്പൻ, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമർശിച്ച് സിബിഐക്ക് എഴുതിനൽകിയ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ?

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നൽകിയ മാണി സി കാപ്പൻ ഇപ്പോൾ ഇടതുമുന്നണിയുടെ എംഎൽഎയാണ്. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.!

എന്നാൽ  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സി.ബി.ഐക്ക് മൊഴി നൽകിയിട്ടില്ലെന്ന് നിയുക്ത പാലാ എം.എൽ.എ മാണി സി.കാപ്പൻ പറഞ്ഞു.

ഷിബു ബേബി ജോൺ പുറത്ത് വിട്ട രേഖ വ്യാജമാണ് മാത്രമല്ല മൊഴിപകർപ്പിൽ തന്റെ ഒപ്പില്ലെന്നും കാപ്പൻ പറഞ്ഞു.ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനോട് താൻ ഇക്കാര്യം സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രമാണിച്ച് ‘പൊട്ടിച്ചതാണെന്നാണ്’ ഷിബു തന്നെ തന്നോടു പറഞ്ഞതെന്ന് മാണി സി കാപ്പൻ പറഞ്ഞു.

സിബിഐയിൽ തനിക്കെതിരെ ഒരു കേസുമില്ല. ഈ വാർത്തയിൽ പറയുന്നതു പോലെ ഏതെങ്കിലും സ്വകാര്യ വ്യക്തി പറഞ്ഞാൽ സിബിഐ കേസെടുക്കുമോ? ഇതുമായി ബന്ധപ്പെട്ട് സിബിഐ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിനേശ് മേനോൻ നൽകിയ പരാതിയിൽ ഒരു സിബിഐ ഉദ്യോഗസ്ഥൻ തന്നെ വിളിച്ചിരുന്നു. ഈ ഉദ്യോഗസ്ഥൻ ദിനേശ് മേനോന്റെ സുഹൃത്താണെന്നു പിന്നീടു വ്യക്തമായി.

ഇതിനെത്തുടർന്നു സിബിഐ ഡയറക്ടർക്കു താൻ പരാതി നൽകുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കാപ്പൻ വിശദീകരിച്ചു.കണ്ണൂർ എയർപോർട്ടിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട് വ്യവസായി ദിനേശ് ബാബു, കോടിയേരിക്കും മകൻ ബിനീഷ് കോടിയേരിക്കും മൂന്ന് കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന മൊഴി കാപ്പൻ സി.ബി.ഐക്ക് മുമ്പാകെ നൽകിയെന്നാണ് ഷിബു ബേബി ജോൺ ആരോപിച്ചത്.