Friday, April 24, 2026

ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊടിയരി കഞ്ഞി വിറ്റ് തുടക്കം; പിന്നീട് മദ്യരാജാവായത് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ;ഒടുവിൽ എല്ലാം തകർന്ന് ജയിലിലെ മേശിരിയായി, ഇപ്പോൾ പുറത്തേക്കും; ആരാണ് മണിച്ചൻ..?

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനം കണ്ട ഏറ്റവും വലിയ മദ്യദുരന്തത്തിലെ മുഖ്യ പ്രതി മണിച്ചൻ ഇനി പുറത്തേക്ക്. മദ്യ രാജാവായി തലസ്ഥാനത്തെ നിയന്ത്രിച്ച അബ്‌കാരി വിഷമദ്യ ദുരന്തത്തോട് കൂടി എല്ലാം തകർന്ന് ഒടുവിൽ ജയിലിലെ മേശിരിയായി തീരുകയായിരുന്നു. ഉന്നത സ്വാധീനങ്ങൾ ഉണ്ടായിരുന്ന ചന്ദ്രൻ എന്ന മണിച്ചന്റെ വീഴ്ച വളരെ പെട്ടെന്നായിരുന്നു. ഇപ്പോൾ 22 വർഷത്തെ ജയിൽ വാസത്തിനൊടുവിലാണ് മണിച്ചൻ പുറത്തിറങ്ങുന്നത്.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊടിയരി കഞ്ഞി വിറ്റായിരുന്നു പണ്ടകശാല സ്വദേശി ചന്ദ്രനെന്ന മണിച്ചൻറെ തുടക്കം. പിന്നീട് വ്യാജ വാറ്റായി. ഒരിക്കൽ മണിച്ചൻ എക്സൈസിൻറെ പിടിയിലാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയിട്ടും വാറ്റ് തുടർന്നു. ഇതിനിടെ ഷാപ്പ് നടത്തിപ്പുകാരും, സ്പരിറ്റ് കച്ചവടക്കാരുമായി മണിച്ചൻ നല്ല ബന്ധമുണ്ടാക്കി. ആൻറണി സർക്കാർ ചാരായം നിരോധിച്ചപ്പോൾ കള്ള് ഷാപ്പ് ലേലത്തിലേക്ക് മണിച്ചൻ നീങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുമായി കൂട്ടുകൂടി ആദ്യം ചിറയിൻകീഴ് റെയ്ഞ്ച് പിടിച്ചു. പിന്നീട് വർക്കല, വാമനപുരം റെയ്ഞ്ചുകളും മണിച്ചൻറെ കീഴിലായി. കള്ളുഷാപ്പുകൾ വഴി വ്യാജ മദ്യം വിറ്റു. പൊലീസും എക്സൈസും മണിച്ചനെതിരെ അനങ്ങിയില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ സംഘങ്ങളെ മണിച്ചനും സഹോദരൻമാരും നിയന്ത്രിച്ചു. അതിർത്തി കടന്ന് സ്പരിറ്റൊഴുകി.

തിരുവനന്തപുരം റെയ്ഞ്ച് കൂടി മണിച്ചൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം ഉണ്ടാകുന്നത്. ഒളിവിൽ പോയ മണിച്ചൻ ശത്രുക്കൾക്കെതിരെ ഗൂഢാലോചനയും ആരോപിച്ചിരുന്നു.ഇതിന് പിന്നാലെ മണിച്ചനെ പൊലീസ് പിടികൂടി. മണിച്ചൻറെ സഹോദരങ്ങളും സുഹൃത്തുക്കളും കൂട്ടുകച്ചവടക്കാരുമെല്ലാം കല്ലുവാതുക്കൽ കേസിൽ പ്രതിയായി. മണിച്ചൻറെ സാമ്രാജ്യം തകർന്നു. മണിച്ചൻറെ വീട്ടിൽ ഭൂഗർഭ അറകളുണ്ടാക്കി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് അന്വേഷണ സംഘം കണ്ടെത്തി.

2002 ജൂലൈ 16 കൊല്ലം സെഷൻസ് കോടതിയാണ് മണിച്ചനടക്കമുള്ള പ്രതികൾക്ക് ശിക്ഷ വിധിച്ചത്. മണിച്ചൻറെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചിരുന്നുവെങ്കിലും കൊലപാതക കുറ്റം എടുത്തുമാറ്റി. അബ്ദാരി നിയമപ്രകാരമുള്ള ശിക്ഷയാണ് തുടർന്ന് അനുഭവിച്ചത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെ ജയിൽ വച്ച് വധിക്കാൻ ശ്രമിച്ച കേസിലും നാല് വ‍ർഷം മണിച്ചനെ ശിക്ഷിച്ചു.

പിന്നീട്, ജയിലിലെ നല്ല പുളളിയായ മണിച്ചനെ നെട്ടുകാൽത്തേരി തുറന്ന ജയിലേക്ക് മാറ്റി. ശിക്ഷ ഇളവിന് മണിച്ചൻ പല പ്രാവശ്യം അപേക്ഷ നൽകിയെങ്കിലും ഉപദേശ സമിതികൾ തള്ളി. ജയിലിലെ മേശിരിയായ മണിച്ചന് പൊലീസ് റിപ്പോർട്ടും അനുകൂലമായിരുന്നില്ല. മണിച്ചൻറെ രണ്ട് സഹോദരങ്ങളും കഴിഞ്ഞ ഡിസംബറിൽ ജയിൽ മോചിതരായിരുന്നു. ഒടുവിൽ ഉന്നതാധികാര സമിതി രക്ഷക്കെത്തി. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച മദ്യദുരന്തകേസിൻറെ കാരണക്കാരൻ 22 വ‍ർഷത്തിന് ശേഷം പുറത്തേക്ക്.