മണർകാട് പള്ളി റാസ: അനുഗ്രഹം തേടി ഭക്തജനപ്രവാഹം; ചരിത്രപ്രസിദ്ധമായ നടതുറക്കൽ വെള്ളിയാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി.മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയിൽ അനുഗ്രഹം തേടി ഭക്തജനപ്രവാഹം. മൂന്നര കിലോമീറ്ററിലധികം നീളത്തിൽ മുത്തുക്കുടകളുടെ വർണമേലാപ്പിനു കീഴിൽ പതിനായിരങ്ങൾ റാസയിൽ പങ്കെടുത്തു. ആഘോഷവും ഭക്തിയും സമന്വയിച്ച റാസയിൽ വർണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമ പകർന്നു.
ഇന്നലെ മധ്യാഹ്നപ്രാർഥനയ്ക്കുശേഷം പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിന് സ്തുതിപ്പുകൾ അർപ്പിക്കുന്ന പ്രാർഥനകളും കീർത്തനങ്ങളുമായി നാനാജാതി മതസ്ഥർ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസപ്രദക്ഷിണത്തിൽ പങ്കുചേർന്നു. വർണാഭമായ അലങ്കാരങ്ങളും പൊൻവെള്ളി കുരിശുകളും നിറപ്പകിട്ടാർന്ന കൊടിതോരണങ്ങളും അണിയിച്ചൊരുക്കിയ റാസ ഹൃദ്യമായ അനുഭവമായി മാറി. നാല് മണിക്കൂറിലേറെ സമയമെടുത്താണ് റാസ ഒരു പോയിന്റ് പിന്നിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാധ്യാഹ്നപ്രാർഥനാവേളിയിൽ വലിയപള്ളിയുടെ തിരുമുറ്റത്തുനിന്ന് വിശ്വാസികൾ മുത്തുകുടകളുമായി റാസയ്ക്കായി അണിനിരന്നു. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ചു നിൽക്കുന്ന ഛായാചിത്രത്തിനു പിന്നിൽ കൊടികളും വെട്ടുക്കുടകളും അതിനുപിന്നിൽ മുത്തുക്കുടകളും അണിനിരന്നു. രണ്ടുമണിയോടെ മരക്കുരിശുകളും പൊൻ-വെള്ളിക്കുരിശുകളും റാസയിൽ നിരന്നു. തുടർന്നു വലിയപള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്കുശേഷം അംശവസ്ത്രങ്ങൾ ധരിച്ച വൈദീകർ റാസയിൽ പങ്കുചേർന്നു ആശീർവദിച്ചു. ഫാ. ജെ മാത്യു മണവത്ത്, ഫാ. ജോർജ് കുന്നേൽ, ഫാ. എബി കുറിച്ചമല എന്നിവർ റാസയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻ തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാർഥനയ്ക്കുശേഷം അഞ്ചരയോടെയാണ് റാസ തിരികെ വലിയപള്ളിയിലെത്തിച്ചേർന്നത്.
വീഥികൾക്കിരുവശവും വിശ്വാവസ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രവും കത്തിച്ച മെഴുകുതിരകളും പിടിച്ചായിരുന്നു റാസയെ വരവേറ്റത്. വയോജനസംഘാംഗങ്ങൾ പരമ്പരാഗത വേഷത്തിലും വിനിതാസമാജാംഗങ്ങൾ യൂണിഫോമിലും പൊൻ-വെള്ളി കുരിശുകൾക്കിരുവശവുമായി അണിനിരന്നു. തുടർന്ന് സന്ധ്യാപ്രാർത്ഥനയും നടന്നു. ഇന്നലെ രാവിലെ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്കു യാക്കോബായ സുറിയാനി ഓർത്തഡോക്സ് വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ തെയോഫിലോസ് മുഖ്യകാർമ്മികത്വം വഹിച്ചു.
പെരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ നടതുറക്കൽ ഇന്നു നടക്കും. രാവിലെ 11.30നു മധ്യാഹ്ന പ്രാർഥനയെത്തുടർന്നു വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വർഷത്തിൽ ഒരിക്കൽ മാത്രം പൊതുദർശനത്തിനായി തുറക്കുന്ന ശുശ്രൂഷ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിക്കും. ഉച്ചയ്ക്ക് ഒന്നിന് കറിനേർച്ച തയ്യാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും അഞ്ചിന് സന്ധ്യാപ്രാർത്ഥനയും രാത്രി പത്തിന് പ്രദിക്ഷണവും 11-ന് മാർഗംകളിയും പരിചമുട്ടുകളിയും നടക്കും. പെരുന്നാൾ ദിനമായ ഏട്ടിന് ഉച്ചക്ക് രണ്ടിന് പ്രദക്ഷിണത്തോടും നേർച്ചവിളമ്പോടെയും ചടങ്ങുകൾക്ക് സമാപനമാവും. 1100 പറ അരിയുടെ പാച്ചോറാണ് നേർച്ചക്കായി തയാറാക്കുന്നത്.
പള്ളിയിൽ ഇന്ന്
കരോട്ടെ പള്ളിയിൽ കുർബാന രാവിലെ 6.30ന്, താഴത്തെ പള്ളിയിൽ രാവിലെ എട്ടിന് പ്രഭാത പ്രാർഥന, ഒൻപതിന് മൂന്നിന്മേൽ കുർബാന – ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, 11.30ന് മദ്ധ്യാഹ്നപ്രാർഥന, ചരിത്രപ്രസിദ്ധമായ നടതുറക്കൽ, ഒരുമണിക്ക് കറിനേർച്ച തയ്യാറാക്കാുന്നതിലേയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര, വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന, രാത്രി 10ന് പ്രദക്ഷിണം, പരിചമുട്ടുകളി, കറിനേർച്ച വിതരണം.