മണർകാട് ക്ലബിലെ 18 ലക്ഷത്തിന്റെ ചീട്ടുകളി: ബ്ലേഡ് മാഫിയ സംഘത്തലവനെ സംരക്ഷിക്കുന്നത് മലയോര മേഖലയിലെ ഒരു എം.എൽ.എയും, സി.പി.എം ഉന്നതനും: ബ്ലേഡ് മാഫിയ സംഘത്തലവന്റെ ചീട്ടുകളി കേന്ദ്രത്തിലെ റെയിഡ് വാർത്ത മുക്കി ദേശാഭിമാനിയും

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് കെ.കെ റോഡരികിൽ നാട്ടുകാരുടെയും പൊലീസിന്റെയും കൺമുന്നിൽ ലക്ഷങ്ങൾ വച്ചു ചീട്ടുകളിയ്ക്കാൻ ക്ലബ് നടത്തിയ ബ്ലേഡ് മാഫിയ സംഘത്തലവന് കാവൽ നിന്നത് മലയോര മേഖലയിലെ എം.എൽ.എയും, ജില്ലയിലെ സി.പി.എം ഉന്നതനും. മണർകാട്ടെ ബ്ലേഡ് മാഫിയ സംഘത്തലവന്റെ താവളത്തിൽ പൊലീസ് നടത്തിയ പരിശോധനയുടെയും ലക്ഷങ്ങൾ പിടിച്ചെടുത്തതിന്റെയും വാർത്ത സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി മുക്കിയതും സി.പി.എം ഉന്നതന്റെ സ്വാധീനത്തിന്റെ തെളിവാണ്.

സംഭവം നടന്നു മൂന്നു ദിവസമായിട്ടും ലക്ഷങ്ങൾ വച്ചു ചീട്ടുകളിക്കുന്ന ക്ലബിനെപ്പറ്റി ഒരു വാർത്ത എഴുതാൻ പോലും ദേശാഭിമാനി തയ്യാറായിട്ടില്ല. മറ്റു മാധ്യമങ്ങളെല്ലാം നിരന്തരം വാർത്ത എഴുതുമ്പോഴാണ് ഒരു വരി പോലും എഴുതാതെ ദേശാഭിമാനി മാറി നിൽക്കുന്നത്. ഇത് സി.പി.എമ്മിലെ ഉന്നതന്റെ ബന്ധത്തെ തുടർന്നാണ് എന്ന വാദമാണ് ഉയരുന്നത്.

പൊലീസ് റെയിഡ് നടത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ഉടമ ആരാണ് എന്നു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന വാദമാണ് ഇപ്പോൾ മണർകാട് പൊലീസ് ഉയർത്തുന്നത്. ബ്ലേഡ് മാഫിയ സംഘത്തലവന്റെ ഇടപാടുകളും, ഇയാളുടെ സ്ഥലങ്ങളും മണർകാട്ടെ സാധാരണക്കാരായ ആളുകൾക്കു പോലും സുപരിചിതമാണ്. ഇതിനിടെയാണ് ഇപ്പോൾ തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടിൽ പൊലീസ് എത്തിയിരിക്കുന്നത്.

കുട്ടിക്കാനത്തും തമിഴ്നാട്ടിലുമായി ഏഴോളം ചീട്ടുകളി ക്ലബുകളാണ് ഇയാൾ നടത്തുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന് അടക്കം ലക്ഷങ്ങൾ ഇദ്ദേഹം കൈക്കൂലിയായി നൽകുന്നുണ്ട്. ഇതേ തുടർന്നാണ് ഇദ്ദേഹത്തിനെരെ കേസെടുക്കാത്തതെന്ന വാദമാണ് ഉയരുന്നത്.

നേരത്തെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തയുടെ പിന്നാലെയാണ് മണർകാട്ടെ ചീട്ടുകളി കളത്തിൽ പൊലീസ് മിന്നൽ റെയിഡ് നടത്തിയത്. തുടർന്നു 18 ലക്ഷം രൂപയുമായി ചീട്ടുകളി സംഘത്തെ പിടികൂടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയും മൂന്നു ഡിവൈ.എസ്.പിമാരും മാത്രം അറിഞ്ഞ രഹസ്യ ഓപ്പറേഷൻ നടന്നത്. ജില്ലയിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനു പോലും മണർകാട്ടെ ബ്ലേഡ് മാഫിയ സംഘത്തലവന്റെ ചീട്ടുകളി ക്ലബിലാണ് റെയിഡ് നടക്കുന്നതെന്ന വിവരം ലഭിച്ചിരുന്നില്ല.

എന്നാൽ, സ്ഥാപനം ഉടമയ്‌ക്കെതിരെ കേസെടുക്കാത്തതിൽ വിശദീകരണവുമായി പൊലീസും രംഗത്ത് എത്തി. ചീട്ടുകളിയുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടക്കുകയാണെന്നു മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ് കുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ചീട്ടുകളി നടന്ന മണർകാട്ടെ ക്രൗൺ റിക്രിയേഷൻ സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം അറിയാൻ പഞ്ചായത്തിലും വില്ലേജ് ഓഫീസിലു കത്തു നൽകിയിട്ടുണ്ട്. ചാരിറ്റബിൾ ആക്ട്പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇതേക്കുറിച്ച് അറിയാൻ രജിസ്ട്രേഷൻ വിഭാഗവമുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഓഫീസർ പറഞ്ഞു.