അയല്‍ക്കാരന്റെ ഭാര്യയുമായി പ്രണയം ;തുടർന്ന് വിവാഹം ചെയ്തു ; യുവാവിന്റെ മൃതദേഹം റെയില്‍വേ പാലത്തില്‍ ; സംഭവത്തിന് പിന്നിൽ മുൻ ഭർത്താവെന്ന് ബന്ധുക്കൾ

അയല്‍ക്കാരന്റെ ഭാര്യയുമായി പ്രണയം ;തുടർന്ന് വിവാഹം ചെയ്തു ; യുവാവിന്റെ മൃതദേഹം റെയില്‍വേ പാലത്തില്‍ ; സംഭവത്തിന് പിന്നിൽ മുൻ ഭർത്താവെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

കൊല്‍ക്കത്ത: ദേഹമാസകലം പരിക്കേറ്റനിലയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത ബാരാനഗര്‍ സ്വദേശി തപസ് സാഹ(30)യുടെ മൃതദേഹമാണ് ബെല്‍ഘാരിയ സി.സി.ആര്‍. റെയില്‍വേ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും സാഹയുടെ അയല്‍ക്കാരനും ഭാര്യയുടെ മുന്‍ഭര്‍ത്താവുമായ ശിബപ്രസാദ് ദാസ് എന്ന ഷിബുവാണ് കൃത്യത്തിന് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ഞായറാഴ്ച പുലര്‍ച്ചെയാണ് ദേഹമാസകലം പരിക്കേറ്റനിലയില്‍ സാഹയുടെ മൃതദേഹം റെയില്‍വേ പാലത്തിന് സമീപം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പ്രതിയെന്ന് സംശയിക്കുന്ന ഷിബുവും കൂട്ടാളികളും യുവാവിനെ റെയില്‍വേ പാലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടിരുന്നതായി നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തിന് പിന്നാലെ ഷിബു ഒളിവില്‍പോയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങള്‍ക്ക് മുമ്പാണ് അയല്‍ക്കാരനായ ഷിബുവിന്റെ മുന്‍ഭാര്യയെ സാഹ വിവാഹം കഴിച്ചത്. ഇതിനുശേഷം സാഹയ്‌ക്കെതിരേ ഷിബു ഭീഷണി മുഴക്കിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ ഷിബുവിന്റെ ഭാര്യയും സാഹയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ ഷിബു രണ്ടുപേരെയും ഭീഷണിപ്പെടുത്തി. എന്നാല്‍, ഇരുവരും ബന്ധം തുടര്‍ന്നു. ഇതിനിടെ, യുവതി ഷിബുവില്‍നിന്ന് വിവാഹമോചനം നേടുകയും തുടര്‍ന്ന് സാഹയെ വിവാഹം കഴിക്കുകയുമായിരുന്നു.

വിവാഹത്തിന് പിന്നാലെ ഷിബു നിരവധിതവണ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായാണ് സാഹയുടെ അമ്മയുടെ ആരോപണം. ഇതേത്തുടര്‍ന്ന് ഭാര്യയുമായുള്ള ബന്ധം വേര്‍പിരിയണമെന്ന് മകനോട് പറഞ്ഞിരുന്നതായും എന്നാല്‍ മകന്‍ അത് ഗൗനിച്ചില്ലെന്നും അമ്മ പറഞ്ഞു.

ശനിയാഴ്ച രാത്രി ബെല്‍ഘാരിയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയതിന് പിന്നാലെയാണ് സാഹയെ ഷിബുവും കൂട്ടാളികളും തട്ടിക്കൊണ്ടുപോയതെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പ്രതികള്‍ സാഹയെ ക്രൂരമായി മര്‍ദിച്ചു. ആക്രമണം തുടരുന്നതിനിടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചിരുന്നു. ഷിബുവും സംഘവും തന്നെ മര്‍ദിച്ചെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. പിന്നാലെ ഫോണ്‍ കട്ടായി. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാവുകയും ചെയ്തു. ഇതോടെയാണ് അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിച്ചതെന്നും എന്നാല്‍ ഭര്‍ത്താവിനെ രക്ഷിക്കാനായില്ലെന്നും യുവതി പറഞ്ഞു.