യുവതിയോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത യുവാവ് മരിച്ച നിലയില്‍: ദുരൂഹതയെന്ന് ബന്ധുക്കൾ; പോലീസിനെ കുഴക്കി യുവതിയുടെ മൊഴി

Spread the love

കോഴിക്കോട് : കോഴിക്കോട് അപാര്‍ട്ട്‌മെന്റില്‍ യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെയാണ് കൊട്ടാരം റോഡിലെ ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താനുമായി തർക്കമുണ്ടായതിനെ തുടർന്ന് യുവാവ് ആത്മഹത്യാ പ്രവണത കാണിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്ന യുവതി പോലീസിനോട് പറഞ്ഞത്. എന്നാൽ യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

video
play-sharp-fill

വ്യാഴാഴ്‌ച യുവതിക്കൊപ്പം അപ്പാര്‍ട്ട്മെന്‍റില്‍ മുറിയെടുത്ത രണ്‍ദീപിനെ വെള്ളിയാഴ്‌ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിം ട്രെയിനറായ രണദീപ് ഫേസ്‌ബുക്ക് വഴിയാണ് യുവതിയുമായി അടുത്തതും പ്രണയത്തിലായതും. യുവതിക്കൊപ്പം മുറിയെടുത്ത വിവരം യുവാവ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്‌തു.

വെള്ളിയാഴ്‌ച വൈകിട്ടോടെ വിവാഹക്കാര്യം സംസാരിച്ച രണ്‍ദീപ് യുവതിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം നീണ്ടതോടെ യുവാവ് ആത്മഹത്യാ പ്രവണത കാണിക്കാന്‍ തുടങ്ങിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്‍ദീപിന്റെ പെരുമാറ്റം ഭയപ്പെടുത്തുന്ന തരത്തിലായതോടെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് താന്‍ ഫ്ലാറ്റില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു എന്നും യുവതി പറഞ്ഞു. സ്‌റ്റേഷനില്‍ എത്തിയാണ് യുവതി മൊഴി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഫ്ലാറ്റില്‍ എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുമ്പ് രണ്‍ദീപിനെ മര്‍ദ്ദിച്ചിരുന്നു എന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ആണ് ബന്ധുക്കള്‍ പറയുന്നത്

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.