ട്രെയിനിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ഒന്നരലക്ഷം രൂപ വരുന്ന ഐഫോണും 3500 രൂപയും മോഷ്ടിച്ചു ; യുവാവിനെ പിടികൂടി കോട്ടയം റെയിൽവേ പോലീസ് ; പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണ് സംഭവം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ഒന്നരലക്ഷം രൂപ വരുന്ന ഐഫോണും 3500 രൂപയും മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂര്‍ സ്വദേശി മുകേഷാണ് കോട്ടയം റെയിൽവേ പോലീസിന്‍റെ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിക്ക് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണ് സംഭവം. പൂനെയിൽ നിന്നും കന്യാകുമാരിക്ക് വന്ന ട്രെയിനിൽ സ്ലീപ്പര്‍ സീറ്റിൽ ഉറങ്ങുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവതി. ഈ സമയം പ്രതി മുകേഷും അതേ ബോഗിയിലുണ്ടായിരുന്നു. യുവതി ഉറങ്ങുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ ബാഗിൽ നിന്ന് വിദഗ്ദമായി ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. ഈ സമയം ബോഗിയിലെ മറ്റുള്ളവരും ഉറക്കത്തിലായത് ഇയാൾക്ക് സഹായമായി. പിന്നീട് ചങ്ങനാശ്ശേരിയിൽ വെച്ച് ഉറക്കം എഴുന്നേറ്റ യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്.

സ്വദേശമായ തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം റെയിൽവെ പൊലീസ് പരാതി കോട്ടയം റെയിൽവേ പോലീസിന് കൈമാറി. കോട്ടയത്തെ ഒരു സ്വകാര്യ മൊബൈൽ ഷോപ്പിൽ മോഷ്ടിച്ച ഐഫോൺ വിൽക്കാൻ എത്തിയപ്പോഴാണ് റെയിൽവേ പോലീസ് ഇയാളെ പിടികൂടുന്നത്. ഇയാളുടെ പേരിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായ 10 ലധികം കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോട്ടയം റെയിൽവേ പോലീസ് അറിയിച്ചു.