
തിരുവനന്തപുരം: പര്യത്തുകാവിലെ ഒഴിപ്പിക്കലില്‍ നിര്‍ണായക തീരുമാനം അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കോടതിവിധി പ്രകാരം കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും വെച്ച് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സതീശന്‍ വ്യക്തമാക്കി.
അതേസമയം പര്യത്തുകാവില്‍ സമരത്തിനെത്തിയ സിപിഎമ്മിനെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു.
അവിടെ ഇപ്പോള്‍ ഒരു സമരം നടക്കുന്നുണ്ട്. അത് കണ്ട് ഞെട്ടിപ്പോയി. മുന്‍ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ അവിടെ സമരം ഇരിക്കുന്നു. ഞങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഒഴിപ്പിക്കലിനായി പോലീസ് എത്തുന്നത്. 15-ാം തവണയായിരുന്നു അത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് 14 തവണയും ഒഴിപ്പിക്കലിനായി പോയിട്ടുള്ളത്. വിഷയം പരിഹരിക്കാന്‍ ആ സര്‍ക്കാര്‍ ഒരു വിരല്‍ അനക്കിയില്ല. 14 പ്രാവിശ്യവും ഇങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കാത്ത ആളുകള്‍ സുപ്രീംകോടതി വിധിപ്രകാരം ഒഴിപ്പിക്കലിനെത്തിയപ്പോള്‍ അവിടെ സമരത്തിനെത്തിയിരിക്കുകയാണ്’ സതീശന്‍ പറഞ്ഞു.
പക്ഷേ ഞങ്ങള്‍ അവര്‍ ചെയ്തത് പോലെ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കില്ല. വിഷയം വന്നപ്പോള്‍ തന്നെ തങ്ങള്‍ മന്ത്രി റോജി എം ജോണി ഇടപെടലിനായി ചുമതലപ്പെടുത്തി. ‘കോടതി ഉത്തരവ് നടപ്പാക്കിയാല്‍ പകരം സ്ഥലവും വീടും നല്‍കി പുനരധിവസിപ്പിക്കും. അവരെ തെരുവിലേക്ക് ഇറക്കി വിടില്ല. ഇങ്ങനെയൊരു തീരുമാനം 14 തവണ ഒഴിപ്പിക്കലിനെത്തിയപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചോ’ മുഖ്യമന്ത്രി ചോദിച്ചു.
ഇരകളായവരോടും കോടതിയില്‍ അനുകൂല വിധി സമ്പാദിച്ചവരോടും തങ്ങള്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനുള്ളിലാണ് ഈ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ചെയ്തത്. നിയമപരമായും കോടതിയില്‍പോയി സാവകാശം വാങ്ങിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ മന്ത്രിമാരായ പി.രാജീവ്,ആര്‍.ബിന്ദു എന്നിവര്‍ പര്യത്തുകാവില്‍ പ്രതിഷേധത്തിനെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇവിടുത്തെ താമസക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയിട്ടുണ്ട്.
പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി പ്രകാരം അവിടെനിന്ന് കുടിയൊഴിപ്പിച്ചേ തീരുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തിമാക്കി. കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ ഹര്‍ജിയിലാണ് നിരീക്ഷണം.
ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തു. ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചത് സര്‍ക്കാരിന് താത്കാലിക ആശ്വാസമാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് അവസരം ലഭിക്കും.







